DCBOOKS
Malayalam News Literature Website

കുട്ടനാടിന്റെ മഹാശുചീകരണത്തിന് തുടക്കം കുറിച്ചു

ആലപ്പുഴ: പ്രളയദുരിതത്തില്‍ മുങ്ങിയ കുട്ടനാടിനെ കൈപിടിച്ചുയര്‍ത്താനുള്ള മഹാദൗത്യത്തിന് ഇന്ന് തുടക്കം കുറിക്കുന്നു. രണ്ട് ദിവസം കൊണ്ട് കുട്ടനാട്ടിലെ അന്‍പതിനായിരത്തോളം വീടുകള്‍ ശുചിയാക്കുകയാണ് ലക്ഷ്യം. ഇതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറുപതിനായിരത്തിലധികം ആളുകളാണ് എത്തിയത്. ഇതില്‍ പതിനായിരം പേര്‍ ആലപ്പുഴ ജില്ലയ്ക്ക് പുറത്തു നിന്നുള്ള വിദഗ്ധ തൊളിലാളികളാണ്.

ഇലക്ട്രീഷ്യന്‍മാര്‍, പ്ലംബര്‍മാര്‍, ആശാരിമാര്‍ എന്നിങ്ങനെ വിവിധ സംഘങ്ങളായി 16 പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കും. പുളിങ്കുന്ന്, കൈനകരി, ചമ്പക്കുളം, കാവാലം എന്നീ പഞ്ചായത്തുകളിലേക്ക് ബോട്ടുകളിലായിരിക്കും ആളുകളെ എത്തിക്കുക. മറ്റ് പഞ്ചായത്തുകളിലേക്ക് ടോറസുകളിലും ആളുകളെ എത്തിക്കും. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിന്റെ വശങ്ങളിലെ പാടങ്ങളില്‍ നിന്നും വന്‍തോതില്‍ വെള്ളം പമ്പു ചെയ്ത് മാറ്റാനുള്ള പദ്ധതിയുണ്ട്. ഇതിനായി വലിയ ശേഷിയുള്ള പമ്പുകള്‍ എത്തിച്ചിട്ടുണ്ട്. വീടുകളില്‍ ശുദ്ധജലം എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളതായി അധികൃതര്‍ പറഞ്ഞു.

ജില്ലാ ഭരണകൂടവും തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും വിവിധ വകുപ്പുകളും ചേര്‍ന്നുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്.വെബ് പോര്‍ട്ടല്‍ രൂപീകരിച്ചാണ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടത്തിയത്. രജിസ്‌ട്രേഷന്‍ ഇന്നലെ അവസാനിച്ചു. 16 പഞ്ചായത്തുകളിലായി 226 വാര്‍ഡുകളിലുള്ളവരെയാണ് പുനരധിവസിപ്പിക്കുന്നത്. ശുചീകരണം പൂര്‍ത്തിയായ വീടുകളിലേക്ക് ആളുകളെ 30-ാം തീയതി അയയ്ക്കും. വീടുകളിലേക്ക് തിരികെ പോകാന്‍ കഴിയാത്തവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റും.

Comments are closed.