DCBOOKS
Malayalam News Literature Website

വിവാദങ്ങള്‍ എഴുത്തിനെ ബാധിച്ചിട്ടില്ല: എസ്. ഹരീഷ്

മീശ നോവലിനെക്കുറിച്ചുണ്ടായ വിവാദങ്ങള്‍ തന്റെ എഴുത്തിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് എസ്. ഹരീഷ്. എന്നാല്‍ വ്യക്തിപരമായ വലിയ വേദനയിലൂടെ കടന്നുപോയ സന്ദര്‍ഭമായിരുന്നു അത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കേരളം മീശക്കു ശേഷം എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമല്‍റാം സജീവ്, പ്രമോദ് രാമന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

എഴുതിയ കാലം മുതല്‍ ആഗ്രഹിക്കുന്നതാണ് എഴുത്തില്‍ സ്വതന്ത്രനായിരിക്കണം, ഒരു പ്രതിബന്ധങ്ങളുമില്ലാതെ, ഒരു പിടിവാശികളുമില്ലാതെ എഴുതുക എന്നത്. അതാണ് ഒരു എഴുത്തുകാരന്റെ കടമ എന്ന് വിശ്വസിക്കുന്നതായി എസ്. ഹരീഷ് പറഞ്ഞു.

നോവലിന്റെ എഴുത്ത് വ്യക്തിപരമായി അനേകം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എഴുത്തിന് മുന്‍പുള്ള രാഷ്ട്രീയമായിരുന്നില്ല എഴുത്തിന് ശേഷമുള്ളത്. നോവലിനെക്കുറിച്ചുണ്ടായ വിവാദങ്ങളില്‍ കേരളത്തിലെ എഴുത്തുകാര്‍ വേണ്ടത്ര പ്രതികരിക്കുകയോ പിന്തുണക്കുകയോ ചെയ്തില്ല എന്ന അഭിപ്രായമുണ്ട്. ഫിക്ഷനും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ഭേദം തിരിച്ചറിയാന്‍ ഇവിടത്തെ വായനക്കാര്‍ക്ക് സാധിക്കുന്നില്ല.

തന്റെ ആദ്യവായനയിലും പിന്നീട് സഹപ്രവര്‍ത്തകരുടെ വായനയിലും മീശ ഒരു മികച്ച നോവലാണെന്ന ബോധ്യത്തില്‍ നിന്നാണ് ആഴ്ചപ്പതിപ്പില്‍ നോവല്‍ പ്രസിദ്ധീകരിച്ചതെന്ന് കമല്‍റാം സജീവ് പ്രതികരിച്ചു. ഒരു paradigm shift എന്നോ മാതൃകാമാറ്റത്തിന് നാന്ദി കുറിക്കുന്ന ഒരു നോവലെന്ന വിശേഷണത്തിനോ മീശ അര്‍ഹമാണ്.

എന്നാല്‍ നോവലിന്റെ വിവാദാത്മതയാണ് കേരളത്തില്‍ വിഷയമായത്. കോടതിവിധി കേരളത്തില്‍ വേണ്ടത്ര ചര്‍ച്ചയായില്ല. ദേശീയമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായെങ്കിലും മലയാള മാധ്യമങ്ങളില്‍ വാര്‍ത്ത തമസ്‌കരിക്കപ്പെട്ടു. എഴുത്തിനെ ബാധിക്കുന്ന, ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കോടതിവിധി ഇവിടെ ചര്‍ച്ചയായില്ല. മാധ്യമങ്ങള്‍ ആ വാര്‍ത്തയെ മുക്കിക്കളഞ്ഞുവെന്ന് കമല്‍റാം സജീവ് പറഞ്ഞു.

ഇന്നത്തെ കാലത്ത് ഒരു മാധ്യമസ്ഥാപനത്തിലെ എഡിറ്റര്‍ ബന്ധിക്കപ്പെട്ട അവസ്ഥയിലാണ്. പരസ്യം നല്‍കില്ല എന്ന് പറയുന്നതിന്റെ പേരില്‍ മുട്ടുമടങ്ങിപ്പോകേണ്ട ഒരു സ്ഥാപനമല്ല മാതൃഭൂമി. ആ പത്രത്തിന് ചില പൊതുസമൂഹത്തോട് ചില കടമകളുണ്ട്. ഗാന്ധിജിയുടെ പേരില്‍, സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയ പത്രമെന്ന പേരില്‍ ജനങ്ങളോട് ചില കടമകളുണ്ട് പത്രത്തിന്. നവോത്ഥാനത്തിന്റെ ഭാഗമായി വന്ന പത്രങ്ങള്‍ ഇന്ന് ഒത്തുതീര്‍പ്പ് ജേര്‍ണലിസത്തിലേക്ക് വന്നെത്തിയെന്ന് കമല്‍റാം സജീവ് അഭിപ്രായപ്പെട്ടു.

വലിയൊരു സമൂഹം ഈ വിഷയത്തില്‍ എനിക്കൊപ്പം നിന്നിട്ടുണ്ട്. ആ വായനക്കാരിലാണ് തന്റെ പ്രതീക്ഷയെന്ന് കമല്‍റാം സജീവ് വ്യക്തമാക്കി.മീശക്കെതിരെയായിരുന്നു സുപ്രീം കോടതി വിധിയെങ്കില്‍ പത്രങ്ങളില്‍ വലിയ വാര്‍ത്തയായേനെയെന്ന് എസ്.ഹരീഷ് പ്രതികരിച്ചു. മാതൃഭൂമിയും പൊതുസമൂഹവും കമല്‍റാം സജീവിന് ശക്തമായ പിന്തുണ നല്‍കണമായിരുന്നവെന്നും എസ്. ഹരീഷ് അഭിപ്രായപ്പെട്ടു.

Comments are closed.