DCBOOKS
Malayalam News Literature Website

കാപ്പിരികളുടെ നാട്ടിലേക്കൊരു യാത്ര

 

മലയാളികളെ ലോകം കാണിച്ച നിത്യസഞ്ചാരിയായിരുന്നു എസ്. കെ. പൊറ്റെക്കാട്ട്. കഥയെക്കാള്‍ ആകസ്മികത യാഥാര്‍ത്ഥ്യങ്ങള്‍ക്കുണ്ടെന്ന് കണ്ടെത്തിയ എഴുത്തുകാരന്‍ നടത്തിയ ആഫ്രിക്കന്‍ യാത്രയുടെ അനുഭവങ്ങളുടെ പുസ്തകമാണ് കാപ്പിരികളുടെ നാട്ടില്‍.

ലോകത്തിലെ ഇരുണ്ട സാമ്രാജ്യമെന്ന് അറിയപ്പെട്ടിരുന്ന ആഫ്രിക്കന്‍ നാടുകളില്‍ 1949 ല്‍ നടത്തിയ പര്യടനത്തില്‍ അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ വസ്തുതകളാണ് ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഫ്രിക്കന്‍ ഭൂപ്രകൃതിയും ജീവിത സമ്പ്രദായങ്ങളും വിമോചന യത്‌നങ്ങളും അവരുടെ സാമൂഹിക സാംസ്‌ക്കാരിക ജീവിതത്തിന്റെ സവിശേഷതകളും ആഫ്രിക്കയില്‍ ജീവിച്ചിരുന്ന ഇന്ത്യക്കാര്‍ നേരിട്ട പ്രശ്‌നങ്ങളും എഴുത്തുകാരന്‍ വിവരിക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം സഞ്ചരിച്ച് അനുഭവിച്ചറിഞ്ഞ പ്രതീതിയാണ് വായനക്കാരനില്‍ ഉളവാക്കുന്നത്. പോര്‍ച്ചുഗീസ് അധീനതയില്‍ ഉണ്ടായിരുന്ന പൂര്‍വ്വാഫ്രിക്കയെപ്പറ്റിയും ദക്ഷിണ റൊഡേഷ്യയെപ്പറ്റിയും ഈ കൃതിയില്‍ പരാമര്‍ശിക്കപ്പെടുന്നു. പുസ്തകത്തിന്റെ 19 -ാമത് പതിപ്പ് പുറത്തിറങ്ങി.

യാത്രാവിവരണഗ്രന്ഥകാരന്‍ എന്നതിനു പുറമെ നോവലിസ്റ്റ്, കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനായിരുന്ന എസ്. കെ. പൊറ്റെക്കാട്ടിന്റെ ഒരു തെരുവിന്റെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഒരു ദേശത്തിന്റെ കഥയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1980 ല്‍ ജ്ഞാനപീഠ പുരസ്‌കാരം നല്‍കി ആദരിച്ചു.

1998 ലാണ് കാപ്പിരികളുടെ നാട്ടില്‍ എന്ന കൃതിയുടെ ആദ്യ ഡിസി പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത്. പാതിരാസൂര്യന്റെ നാട്ടില്‍, ലണ്ടന്‍ നോട്ട്ബുക്ക്, സിംഹഭൂമി, സഞ്ചാരസാഹിത്യം (സമ്പൂര്‍ണ്ണം), ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ, വിഷകന്യക, എസ്. കെ. പൊറ്റെക്കാട്ടിന്റെ കഥകള്‍ സമ്പൂര്‍ണ്ണം തുടങ്ങിയ ഇരുപതോളം കൃതികള്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Comments are closed.