DCBOOKS
Malayalam News Literature Website

ഭ്രമാത്മകലോകത്തിലെ വിചിത്രകഥ; കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം രണ്ടാം പതിപ്പില്‍

ജീവിതത്തിന്റെയും പ്രണയത്തിന്റെയും രതിയുടേയും വ്യത്യസ്ത തലങ്ങളെ എഴുത്തിലേക്ക് ആവാഹിച്ച കഥാകാരിയാണ് ഇന്ദു മേനോന്‍. ലെസ്ബിയന്‍ പശു എന്ന ഒറ്റ ചെറുകഥയിലൂടെ തന്നെ മലയാളസാഹിത്യ ചരിത്രത്തില്‍ ഇടം നേടിയ വ്യക്തി. ഇന്ദു മേനോന്‍ രചിച്ച ആദ്യ നോവലാണ് കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.

മുന്നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് ജലത്തില്‍ മുങ്ങിപ്പോയ കപ്പലാണ് ജനറല്‍ ആല്‍ബര്‍ട്ടോ മെയര്‍. അത് അന്വേഷിച്ച് പുറപ്പെടുകയാണ് കൃഷ്ണചന്ദ്രന്‍. അങ്ങനെ അയാള്‍ എത്തിച്ചേരുന്നത് മാരിക്കോ ദ്വീപിലാണ്. കോടിക്കണക്കിനു വര്‍ഷംമുമ്പ് സമുദ്രത്തില്‍നിന്ന് പൊങ്ങിവന്ന മാരിക്കോയില്‍ ചുണ്ണാമ്പുപാറകളും ജിപ്‌സവും പവിഴപ്പുറ്റുകളും നിറഞ്ഞിരുന്നു. 300 വര്‍ഷം നീണ്ട ഖനനങ്ങള്‍ ആ സമ്പന്ന ദ്വീപിനെ നശിപ്പിച്ചു. ദ്വീപിന്റെ അടിത്തട്ടില്‍ കൊടുങ്കാറ്റുകള്‍ ഇരമ്പി. തിരമാലകള്‍ തല്ലിയാര്‍ത്തു.

ജനറല്‍ ആല്‍ബര്‍ട്ടോ മെയര്‍ എന്ന ആജാനുബാഹുവായ, പൗരുഷം തുളുമ്പുന്ന കപ്പലിനൊപ്പം കൃഷ്ണചന്ദ്രന്‍ തൊട്ട് ഒട്ടേറെ പുരുഷ കഥാപാത്രങ്ങള്‍ക്കൊപ്പം തികച്ചും യാദൃച്ഛികവും ദൗര്‍ഭാഗ്യകരവുമായ ചില സാഹചര്യങ്ങളില്‍ കൃഷ്ണചന്ദ്രന്റെ ജീവിതപങ്കാളിയായിത്തീരേണ്ടി വന്ന സരസ്വതിയും ആന്റനീറ്റയും മിട്ടായിയും ഉമ്മുക്കുല്‍സുവും തുടങ്ങി മത്സ്യകന്യകമാരെപ്പോലെ ജീവിതത്തിന്റെ കടലില്‍ ഒഴുകി നീന്തുന്ന ഒട്ടേറെ സ്ത്രീകഥാപാത്രങ്ങളും ആഖ്യായികയില്‍ നിറയുന്നു. ജന്‍മാന്തരങ്ങളിലെ പ്രണയത്തെ കൃഷ്ണചന്ദ്രനോടു ചേര്‍ത്തുവെക്കാന്‍ ശ്രമിക്കുന്ന ആന്റനീറ്റയിലൂടെ നാം കപ്പലിനെക്കുറിച്ചുള്ള വിചിത്രപുസ്തകത്തിന്റെ ഭ്രമാത്മകമായ ലോകത്തേക്ക് ഊളിയിട്ടിറങ്ങുന്നു. ഭാവനയുടെ അതിര്‍വരമ്പുകളെ ഭേദിച്ചുകൊണ്ട് വായനക്കാരനെ വിസ്മയിപ്പിക്കുന്ന മാജിക്കല്‍ റിയലിസത്തിന്റെ തലത്തിലേക്ക് ഉയരുന്ന നോവലാണ് ഇന്ദു മേനോന്‍ രചിച്ച കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം.

Comments are closed.