രാജ്യത്തെ ആദ്യ പ്ലാസ്റ്റിക് രഹിത ജില്ലയായി കണ്ണൂര്‍ : കണ്ണൂരിന്റെ നേട്ടം രാജ്യത്തിന് മാതൃകയെന്ന് കളക്ടർ ബ്രോ

kannur

രാജ്യത്തെ ആദ്യ പ്ലാസ്റ്റിക് രഹിത ജില്ലയായി കണ്ണൂര്‍. 2016 നവംബര്‍ ഒന്നിന് ആരംഭിച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കണ്ണൂരിന് അപൂര്‍വനേട്ടം കൈവരിക്കാനായത്. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും പിന്തുണയാണ് ഈ നേട്ടത്തിന് അര്‍ഹമാക്കിയത്.

നല്ലനാട്, നല്ലമണ്ണ്, എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇത്തരമൊരു പരിപാടിക്ക് കണ്ണൂര്‍ ജില്ലയില്‍ തുടക്കമായത്. ഇനി കണ്ണൂരില്‍ ഡിസ്‌പോസിബിള്‍ വസ്തുക്കളും പ്ലാസ്റ്റിക് ക്യാരി ബാഗുകളും ലഭിക്കില്ല. വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. നോണ്‍ വൂവന്‍ സഞ്ചികള്‍ക്കും നിരോധനം ബാധകമാണ്.

റീസൈക്കിള്‍ ചെയ്യാന്‍ പറ്റാത്ത ഫ്ളക്സ് പോലുള്ളവയുടെ ഉല്‍പ്പാദനവും ഉപയോഗവും ഒഴിവാക്കണം. എല്ലാ പൊതു ചടങ്ങുകളിലും ഹരിത പ്രോട്ടോക്കോള്‍ പാലിക്കണം. എല്ലാ പൊതു ചടങ്ങുകള്‍ക്കും ഹരിതപെരുമാറ്റചട്ടം ഉറപ്പാക്കി അനുമതി പത്രം വാങ്ങണം എന്നിവയാണ് പ്രഖ്യാപനങ്ങള്‍. കേരള പഞ്ചായത്തീരാജ് നിയമവും 2016 ലെ കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌ക്കരിച്ച പ്ലാസറ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരവുമാണ് ഈ നടപടി.

പ്ലാസ്റ്റിക് വിമുക്തമാക്കിയ കണ്ണൂർ ജില്ലയുടെ നടപടിയെ അഭിനന്ദിച്ചു കൊണ്ട് കളക്ടര്‍ ബ്രോ പ്രശാന്ത് നായറം രംഗത്തെത്തി. നടപടി കേരളത്തിന് മാതൃകയാണെന്നും വ്യാപാര സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം വളരെ സിസ്റ്റമാറ്റിക്കായി ഇല്ലാതാക്കിയ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലിയുടെ നേതൃപാടവത്തെ അഭിനന്ദിക്കുന്നെന്നും പ്രശാന്ത് നായര്‍ പറഞ്ഞു.

Categories: LIFESTYLE