DCBOOKS
Malayalam News Literature Website

കണ്ണൂര്‍ വിമാനത്താവളത്തിന് ഡി.ജി.സി.എ അനുമതി; ഉദ്ഘാടനം ഡിസംബര്‍ 9ന്

ദില്ലി: കണ്ണൂര്‍ വിമാനത്താവളത്തിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ചു. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി  വിമാനസര്‍വ്വീസുകള്‍ ഇതോടെ ആരംഭിക്കാനാകും. അന്തിമ അനുമതി ലഭിച്ചതോടെ വിമാനത്താവളം ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യാനാണ് അധികൃതരുടെ തീരുമാനം.

കണ്ണൂര്‍  വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസ് നടത്തുന്നതിന് 11 രാജ്യാന്തര വിമാനകമ്പനികളും ആറ് ഇന്ത്യന്‍ കമ്പനികളും താത്പര്യം പ്രകടിപ്പിച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വെയ്‌സ്, ഗള്‍ഫ് എയര്‍, സൗദി എയര്‍ലൈന്‍സ്, സില്‍ക്ക് എയര്‍, എയര്‍ ഏഷ്യ, മാലിന്‍ഡോ എയര്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ വിമാന കമ്പനികളാണ് കണ്ണൂരില്‍ നിന്ന് സര്‍വ്വീസ് നടത്താന്‍ സമ്മതം അറിയിച്ചിരിക്കുന്നത്.

2300 ഏക്കറുകളിലായി പരന്നുകിടക്കുന്ന കണ്ണൂര്‍ വിമാനത്താവളം 2,292 കോടി രൂപയുടെ മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിമാനത്താവളം ഒക്ടോബര്‍ അഞ്ച് മുതല്‍ പൊതുജനങ്ങള്‍ക്കായി സന്ദര്‍ശനത്തിന് തുറന്നുകൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 12 ദിവസം വരെ എല്ലാദിവസവും രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് വരെയാണ് സന്ദര്‍ശകരെ പ്രവേശിപ്പിക്കുക. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുമായി എത്തുന്നവര്‍ക്കായിരിക്കും വിമാനത്താവളത്തില്‍ പ്രവേശനാനുമതി ലഭിക്കുക.

Comments are closed.