DCBOOKS
Malayalam News Literature Website

കാഞ്ഞങ്ങാട് കാവ്യോത്സവം മാര്‍ച്ച് 16, 17 തീയതികളില്‍

കാഞ്ഞങ്ങാട്: 150-ലേറെ എഴുത്തുകാര്‍ പങ്കെടുക്കുന്ന കാഞ്ഞങ്ങാട് കാവ്യോത്സവത്തിന് നാളെ തിരി തെളിയും. കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജിന്റെ ആഭിമുഖ്യത്തിലാണ് രണ്ട് ദിവസം നീളുന്ന ഈ കാവ്യോത്സവം സംഘടിപ്പിക്കുന്നത്. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് മുഖ്യാതിഥിയായിരിക്കും.

ചടങ്ങില്‍ യുവസാഹിത്യകാരന്‍ അബിന്‍ ജോസഫിന് പ്രഥമ മാമ്പൂ പുരസ്‌കാരം സമ്മാനിക്കും. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച അബിന്‍ ജോസഫിന്റെ കല്ല്യാശ്ശേരി തീസിസ് എന്ന കൃതിക്കാണ് പുരസ്‌കാരം.11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം കവി സച്ചിദാനന്ദന്‍ വേദിയില്‍ വെച്ച് സമ്മാനിക്കും.
അംബികാസുതന്‍ മാങ്ങാടിന്റെ അമ്പതാമത് പുസ്തകവും രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ എഴുതിയ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ലേഖനങ്ങളുടെ സമാഹാരവുമായ ‘എന്‍ഡോസള്‍ഫാന്‍: നിലവിളി അവസാനിക്കുന്നില്ല’, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കെ.ബി.ശില്‍പ്പയുടെ ‘നിറഭേദങ്ങള്‍'( പ്രസാധനം: ഡി.സി ബുക്‌സ്) എന്നീ പുസ്തകങ്ങള്‍ സച്ചിദാനന്ദന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് നല്‍കി പ്രകാശനം ചെയ്യും.

രണ്ടു ദിവസങ്ങളിലായി പ്രഭാഷണങ്ങളും കവിയരങ്ങുകളും ഉണ്ടാവും. രാജേന്ദ്രന്‍ പുല്ലൂര്‍, വിനോദ് അമ്പലത്തറ എന്നിവരുടെ ചിത്രപ്രദര്‍ശനങ്ങളും ജയേഷ് പാടിച്ചാല്‍, നബിന്‍ ഒടയംചാല്‍ എന്നിവരുടെ ഫോട്ടോ പ്രദര്‍ശനങ്ങളും ഉണ്ടാകും. കാവ്യോത്സവത്തിന്റെ മുന്നൊരുക്കമായി വ്യാഴാഴ്ച രാവിലെ സാമൂഹ്യപ്രവര്‍ത്തക ദയാബായി കോളെജ് മുറ്റത്തെ ഒപ്പുമരം ഉദ്ഘാടനം ചെയ്തു. മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ പേരില്‍ സാഹിത്യവേദി പ്രഖ്യാപിച്ച പുരസ്‌കാരം സിവി ബാലകൃഷ്ണന്‍ സുനില്‍ പി.ഇളയിടത്തിന് സമ്മാനിക്കും. കാവ്യോത്സവത്തില്‍ കല്പറ്റ നാരായണന്‍, എന്‍ ശശിധരന്‍, അനിത തമ്പി, വി.ആര്‍ സുധീഷ്, കരിവെള്ളൂര്‍ മുരളി, ദിവാകരന്‍ വിഷ്ണുമംഗലം, സജയ് കെ.വി, പി.രാമന്‍, പി.പി രാമചന്ദ്രന്‍, മാങ്ങാട് രത്‌നാകരന്‍, പി.എന്‍ ഗോപീകൃഷ്ണന്‍, സന്തോഷ് ഏച്ചിക്കാനം, അംബികാസുതന്‍ മാങ്ങാട് തുടങ്ങി നിരവധി എഴുത്തുകാര്‍ പങ്കെടുക്കും.

 

Comments are closed.