ഉലകനായകന്റെ ആദ്യ മലയാള സിനിമയ്ക്ക് അമ്പതു വയസ്
On 3 Dec, 2012 At 10:25 AM | Categorized As Movies

kamal-child
ഉലകനായകനായി വാഴ്ത്തപ്പെടുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ഹാസന്റെ അഭിനയ ജീവിതം അമ്പതു വര്‍ഷം പിന്നിട്ടു. 1962 സെപ്തംബര്‍ 28ന് പ്രേക്ഷക സമക്ഷമെത്തിയ കണ്ണും കരളും എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച കമല്‍ ഭാഷയുടെ അതിര്‍ വരമ്പുകള്‍ കടന്നും പ്രേക്ഷകരുടെ കണ്ണും കരളും കവര്‍ന്ന് അഭിനയ സപര്യ തുടരുന്നു. ഇന്നത്തെ പ്രേക്ഷകര്‍ക്ക് തീരെ പരിചയമില്ലാത്ത കമലിന്റെ ആദ്യചിത്രത്തെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് ചില സിനിമാ സ്‌നേഹികള്‍.
കൊച്ചിയിലെ ജേസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വിസ്മൃതിയിലാണ്ടുപോയ കണ്ണും കരളും എന്ന സിനിമയുടെ സുവര്‍ണ ജൂബിലി ആഘോഷിക്കാനൊരുങ്ങുകയാണ്. ചിത്രത്തിന്റെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ ഡിസംബര്‍ 12ന് ചെന്നൈയിലെ ഡോണ്‍ബോസ്‌കോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
എ കെ ബാലസുബ്രഹ്മണ്യം നിര്‍മ്മിച്ച കണ്ണും കരളും സംവിധാനം ചെയ്തത് കെ എസ് സേതുമാധവനായിരുന്നു. വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ സേതുമാധവന്‍ തന്റെ ആദ്യ മലയാള kamal child2ചിത്രമായ ജ്ഞാനസുന്ദരിക്കു ശേഷം ഏറ്റെടുത്ത സിനിമയായിരുന്നു കണ്ണും കരളും. പ്രശസ്ത നാടകകൃത്തായ കെ ടി മുഹമ്മദ് ആയിരുന്നു ചിത്രത്തിനു വേണ്ടി രചന നിര്‍വഹിച്ചത്. വയലാര്‍ എഴുതി എം ബി ശ്രീനിവാസന്‍ ഈണം പകര്‍ന്ന ഏഴു മനോഹര ഗാനങ്ങള്‍ ഈ സിനിമയിലുണ്ടായിരുന്നു.
സത്യന്‍, സുകുമാരി, അംബിക, ബേബി വിനോദിനി എന്നിവര്‍ കമല്‍ഹാസനൊപ്പം വേഷമിട്ടു. സത്യന്റെയും സുകുമാരിയുടെയും മകനായാണ് കമല്‍ അഭിനയിച്ചത്. പിന്നീട് ബാലതാരമായി ശ്രദ്ധിക്കപ്പെട്ട കമല്‍ കൗമാരത്തില്‍ നൃത്ത സംവിധായകന്റെ സഹായിയായി സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചു. 1974ല്‍ കണ്ണും കരളും സംവിധായകന്‍ കെ എസ് സേതുമാധവന്‍ തന്നെ കന്യാകുമാരിയിലൂടെ കമലിനെ നായക സ്ഥാനത്ത് പ്രതിഷ്ഠിച്ചു എന്നതും പിന്നീടുള്ളതും ചരിത്രം. അഭിനയത്തിനൊപ്പം ഹോളീവുഡ് സാങ്കേതിക നിലവാരത്തോട് കിട പിടിക്കുന്ന സിനിമകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനും മുന്‍കൈ എടുക്കുന്ന കമല്‍ അക്ഷരാര്‍ത്ഥത്തില്‍ ലോകത്തിനു മുമ്പില്‍ ഇന്ത്യന്‍ സിനിമാ അംബാസഡര്‍ തന്നെ.

 

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>4 + 5 =