DCBOOKS
Malayalam News Literature Website

പത്മരാജന്റെ തിരക്കഥയില്‍ പിറന്ന ‘കള്ളന്‍ പവിത്രന്‍’

ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍ സൂക്ഷിക്കുന്ന എഴുത്തുകാരനായിരുന്നു പത്മരാജന്‍. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച രചയിതാവ്. തന്റെ കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം പറഞ്ഞത് മനുഷ്യമനസ്സുകളിലെ ആത്മബന്ധമാണ്. ഈ കഥകള്‍ ചലച്ചിത്ര രൂപം പ്രാപിച്ചപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

പത്മരാജന്റെ സംവിധാനത്തില്‍ 1981-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കള്ളന്‍ പവിത്രന്‍. പത്മരാജന്റെ തന്നെ ഇതേപേരിലുള്ള ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ഈ ചിത്രം. പത്മരാജന്റെ ആദ്യകാലചിത്രങ്ങളിലൊന്നായ കള്ളന്‍ പവിത്രന്‍ വന്‍വിജയമായതോടെ അദ്ദേഹം മുഖ്യധാരാ സിനിമയുടെ ഭാഗമായി മാറി. ഒരു കള്ളനും കൗശലക്കാരനായ ഒരു വ്യാപാരിയും തമ്മില്‍ കണ്ടുമുട്ടുന്നതും അവിടെ വച്ചുണ്ടായ ഒരു സംഭവത്തോടെ കള്ളന്റെ ജീവിതമാകെ മാറിമറിയുന്നതുമാണ് ഇതിലെ കഥാതന്തു.

ചിത്രത്തില്‍ പവിത്രന്‍ എന്ന കള്ളന്‍ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് നെടുമുടി വേണുവാണ്. അടൂര്‍ ഭാസി, ഭരത് ഗോപി തുടങ്ങിയവരും ഈ ചിത്രയില്‍ അഭിനയിച്ചിട്ടുണ്ട്. സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. മണി നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ശ്യാം ആണ്. വിപിന്‍ ദാസ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന കള്ളന്‍ പവിത്രന്റെ തിരക്കഥ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

Comments are closed.