DCBOOKS
Malayalam News Literature Website

കലാഭവന്‍ മണിയുടെ മരണം: ഏഴു പേരെ നുണപരിശോധനക്ക് വിധേയരാക്കും

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഏഴു പേരെ സി.ബി.ഐ അന്വേഷണസംഘം നുണപരിശോധനക്കു വിധേയരാക്കും. മണിയുടെ സുഹൃത്തുക്കളായ നടന്‍ ജാഫര്‍ ഇടുക്കി, ജോബി സെബാസ്റ്റ്യന്‍, സാബുമോന്‍, സി.എ അരുണ്‍, എം.ജി.വിപിന്‍, കെ.സി മുരുകന്‍, അനില്‍കുമാര്‍ എന്നിവരെയാണ് നുണപരിശോധനക്ക് വിധേയരാക്കുന്നത്.

കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഇവര്‍ ഏഴുപേരും ഇന്നലെ നേരിട്ടു ഹാജരായി നുണപരിശോധനക്കുള്ള സമ്മതം അറിയിച്ചു. നേരത്തെ സമ്മതപത്രം എഴുതിനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധനക്കു കോടതിയുടെ അനുമതി തേടുകയായിരുന്നു. വിവരങ്ങള്‍ പറഞ്ഞുകൊടുത്ത ശേഷം നുണപരിശോധനക്കു സമ്മതമാണോ എന്നു കോടതി ഏഴു പേരോടും ആരാഞ്ഞു. ഇവര്‍ സമ്മതം അറിയിച്ചതോടെ സി.ബി.ഐയുടെ അപേക്ഷയില്‍ കോടതി ഈ മാസം 12-നു വിധി പറയും.

2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്. തലേദിവസം വൈകിട്ട് ചാലക്കുടിയിലെ വീടിനു സമീപത്തെ ഔട്ട് ഹൗസായ പാഡിയില്‍ രക്തം ഛര്‍ദ്ദിച്ച് അവശനിലയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആറാം തീയതി മരിച്ചു. വിഷമദ്യം ഉള്ളില്‍ ചെന്നാണ് മണി മരിച്ചതെന്ന ആരോപണം അന്നു മുതലുണ്ട്. ഇതേത്തുടര്‍ന്ന് മണിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന പലരെയും അന്വേഷണത്തിന്റെ ഭാഗമായി പൊലീസും പിന്നീട് സി.ബി.ഐയും ചോദ്യം ചെയ്തിരുന്നു.

Comments are closed.