സ്വര്‍ഗ്ഗം തേടിയുള്ള യാത്ര..

himalaya-july-19

തിബറ്റും ദര്‍ച്ചനും കൈലാസയാത്രയും..

തിബറ്റ്… ഗംഗയും ബ്രഹ്മപുത്രയും അടക്കം ഇന്ത്യയിലെ വമ്പന്‍ നദികളുടെ പ്രഭവകേന്ദ്രം. ഏകദേശം 4500 മീറ്റര്‍ സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകങ്ങളുടേയും പര്‍വ്വതങ്ങളുടേയും പ്രദേശമാണിത്. അപൂര്‍വ്വമായ ജന്തു സസ്യജാല ആവാസവ്യവസ്ഥ. ഇന്ത്യയില്‍ നിന്നും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കുടിയേറിയ ബുദ്ധമത ഭിക്ഷുക്കളുടെ പ്രഭാഷകരുടെ ആവാസ സ്ഥലം. പടിഞ്ഞാറന്‍ തിബറ്റിലെ തടാകങ്ങളില്‍ നിന്നാണ് പുണ്യനദികളായി വിശ്വസിക്കുന്ന ഗംഗയും ബ്രഹ്മപുത്രയും ഉത്ഭവിക്കുന്നത്. ഇന്നീ പര്‍വ്വതശിഖരങ്ങള്‍ക്കിടയില്‍ ചൈന നിര്‍മ്മിച്ച കൂറ്റന്‍ ഡാമുകള്‍ മൂലം ഏഷ്യയിലെ വാട്ടര്‍ ടവര്‍ എന്നും തിബറ്റ് അറിയപ്പെടുന്നു.

നേപാള്‍ ആയി അതിര്‍ത്തി പങ്കിടുന്ന എവറസ്റ്റ് കൊടുമുടി അടക്കം നിരവധി കൊടുമുടികള്‍ ഈ പ്രദേശത്തുണ്ട്. കൈലാസ പര്‍വ്വതവും മാനസരോവര്‍ തടാകവും അടക്കം ഇന്ത്യക്കാര്‍ പുണ്യസ്ഥലങ്ങളായി കാണുന്ന പ്രദേശങ്ങള്‍ ഇവിടെയാണ്. കൈലാസ മാനസരോവര്‍ യാത്ര നടത്തിയവര്‍ക്ക് പരിചിതമായിരിക്കും തിബറ്റും ദര്‍ച്ചനും. ഭൂമിയിലെ സ്വര്‍ഗ്ഗ കവാടമെന്നാണ് ഇവിടം കരുതപ്പെടുന്നത്. കൈലാസ പരിക്രമണത്തിന്റെ ആരംഭവും അവസാനവും ദര്‍ച്ചനിലാണ്. മാനസസരസ്സ് കഴിഞ്ഞ് വീണ്ടും മുന്നോട്ടുപോയാല്‍ എത്തുന്നത് ദര്‍ച്ചന്‍ എന്ന സ്ഥലത്താണ്. തിബത്തിന്റെ ഭരണാധികാരം പിടിച്ചെടുത്തതുമുതല്‍ ചൈനാക്കാര്‍ വളരെ കരുതലോടെ കാത്തുരക്ഷിക്കുന്ന പ്രദേശമാണിത്. ചൈനയുടെ അണുആയുധശേഖരങ്ങളില്‍ വലിയൊരു പങ്ക് വിന്യസിച്ചിരിക്കുന്നത് ഇവിടെയാണെന്ന് പറയുന്നു. ധാരാളം ധാതുനിക്ഷേപങ്ങളുള്ള ഈ പ്രദേശം ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണശേഖരമുള്ള സ്ഥലങ്ങളില്‍ ഒന്നാണ്. ചൈനക്കാരുടെ സ്വര്‍ണ്ണഖനികള്‍ അധികവും സ്ഥിതിചെയ്യുന്നത് ഇവിടെയാണ് (സ്വര്‍ണ്ണരത്‌ന സമൃദ്ധമായ കുബേരന്റെ അളകാപുരിയും ദേവേന്ദ്രന്റെ അമരാവതിയുമൊക്കെ ഇവിടെ ആയിരുന്നു എന്ന് നമ്മുടെ പുരാണങ്ങളിലും പരാമര്‍ശിക്കുന്നു). ദര്‍ച്ചനിലെത്തുന്നതോടെ ചൈനീസ് പട്ടാളത്തിന്റെ സാന്നിദ്ധ്യം നമുക്ക് കൂടുതലായി അനുഭവപ്പെടും. ഇടവിട്ടുള്ള ചെക്ക്‌പോസ്റ്റുകളില്‍ വിശദമായ പരിശോധനകളുണ്ട്.

കൈലാസ പരിക്രമണത്തിന്റെ ബെയ്‌സ്‌ക്യാമ്പാണ് 15,000 അടി ഉയരത്തിലുള്ള ദര്‍ച്ചന്‍. കൈലാസപ്രദക്ഷിണത്തിന്റെ ആദ്യഘട്ടം തുടങ്ങുന്നത് ദര്‍ച്ചനില്‍ നിന്നാണ്. 54 കിലോമീറ്ററാണ് കൈലാസ പരിക്രമണത്തിന്റെ ദൈര്‍ഘ്യം. ദെറാപുക്ക്, സുത്തുല്‍പുക്ക് എന്നീ ക്യാമ്പുകളില്‍ തങ്ങി, 46 കിലോമീറ്റര്‍ നടന്നാണ് കൈലാസ പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നത്. ദര്‍ച്ചനില്‍ നിന്ന് 18 കിലോമീറ്ററോളം ദൂരമുള്ള ദെറാപുക്കിലേക്കാണ് പരിക്രമണത്തിലെ ആദ്യ ദിവസത്തെ യാത്ര. അതില്‍ എട്ടു കിലോമീറ്ററോളം ഷെര്‍സോം താഴ്‌വാരങ്ങളിലൂടെ ലാന്‍ഡ്ക്രൂയിസറില്‍ യാത്ര

ചെയ്യാം. ഷെര്‍സോം കഴിഞ്ഞാല്‍ പിന്നീട് മൂന്ന് ദിവസത്തെ പരിക്രമണം കഴിയുന്നതുവരെ മോട്ടോര്‍ വാഹനങ്ങള്‍ക്കൊന്നും പോകാനാവാത്ത പര്‍വ്വതങ്ങളിലൂടെയാണ് യാത്ര. ഷെര്‍സോമിലെ ബുദ്ധമഠത്തിന്റെ അധീനത്തിലുള്ള യമദ്വാര്‍ എന്ന ഗോപുരം കടന്നാണ് ബുദ്ധമതവിശ്വാസികളും കൈലാസ പ്രദക്ഷിണം തുടങ്ങുന്നത്. യമദ്വാര്‍ കടക്കുന്നതോടെ ഈ ജന്മം അവസാനിച്ചു എന്നാണ് അവരുടെ വിശ്വാസം. ഷെര്‍സോമില്‍ നിന്ന് പത്തുകിലോമീറ്റര്‍ ദൂരെയുള്ള ദെറാപുക്ക് ക്യാമ്പിലെത്താന്‍ ചിലപ്പോള്‍ യാക്കുകളേയും കുതിരകളേയും കിട്ടാറുണ്ട്. അല്ലെങ്കില്‍ കാല്‍നടയാത്രതന്നെയേ രക്ഷയുള്ളൂ. പരിക്രമണത്തിലെ ആദ്യ ദിവസത്തെ പത്തുകിലോമീറ്റര്‍ യാത്ര അവസാനിക്കുന്നത് ദെറാപുക്ക് ക്യാമ്പിലാണ്. 16,105 അടി ഉയരത്തിലാണ് ദെറാപുക്ക് ക്യാമ്പ്. ജാംബിയാങ് പര്‍വ്വതത്തിന് തൊട്ടു താഴെയുള്ള നിരപ്പായ സ്ഥലമാണ് ദെറാപുക്ക് ക്യാമ്പ്. 22,000 അടി ഉയരമുള്ള കൈലാസപര്‍വ്വതം ഏറ്റവും അടുത്ത് ദര്‍ശനയോഗ്യമാകുന്നത്, കഠിനമായ തണുപ്പും ഹിമക്കാറ്റും അനുഭവപ്പെടുന്ന ദെറാപുക്ക് ക്യാമ്പില്‍വെച്ചാണ്.

മുന്നില്‍ വെയിലേറ്റ് വെട്ടിത്തിളങ്ങുന്ന കൈലാസപര്‍വ്വതം. സ്ഥലകാല ബോധമില്ലാതെ ഉറക്കെ നമശിവായ ജപിച്ചു. വെള്ളിക്കിരീടം ചാര്‍ത്തിയതുപോലെ മഞ്ഞുമൂടിയ മുകള്‍ഭാഗം. . . ശിവലിംഗാകൃതിയില്‍ മിന്നിതിളങ്ങുന്ന പര്‍വ്വതം മുഴുവനും വെള്ളികൊണ്ടുള്ള ആഭരണങ്ങളാല്‍ അലങ്കരിച്ചതായി തോന്നും. കൃഷ്ണശിലയില്‍ തീര്‍ത്തുവെച്ച ശിവലിംഗം പോലെ മുന്നില്‍ നിറഞ്ഞു നില്ക്കുന്ന ആ പവിത്ര ശൃംഗത്തിന്നു മുന്നില്‍ അറിയാതെ സാഷ്ടാംഗ പ്രണാമം ചെയ്തു പോകുന്നു. ജന്മസാക്ഷാല്‍ക്കാരം പോലെയുള്ള അവാച്യമായ ആ ദിവ്യാനുഭൂതി അനുഭവിച്ചറിയാനേ കഴിയൂ. കൈലാസത്തിന്റെ അടിവശം മറച്ചുകൊണ്ട് നില്‍ക്കുന്ന ജാംബിയാങ് പര്‍വ്വതം. ജാംബിയാങ് പര്‍വ്വതത്തിന്റെ മുകളില്‍ കയറിയാല്‍ കൈലാസത്തിന്റെ പൂര്‍ണ്ണരൂപം വളരെ വ്യക്തമായി അടുത്ത് കാണാം. ദെറാപുക്കില്‍നിന്ന് അടുത്ത ക്യാമ്പായ സുത്തുല്‍പുക്കിലേക്ക് 22 കിലോമീറ്റര്‍ ദൂരമുണ്ട്. കൈലാസത്തിന്റെ വടക്കുവശത്തുനിന്ന് ഉത്ഭവിക്കുന്ന സിന്ധുനദിക്കരയിലൂടെ ദെറാപുക്കില്‍ നിന്ന് വീണ്ടും മുന്നോട്ട് പോകുമ്പോഴാണ് കൈലാസ പ്രദക്ഷിണത്തിലെ ദുര്‍ഘട ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. കൈലാസ പ്രദക്ഷിണത്തിന്ന് ഭാഗ്യം ലഭിച്ച വളരെക്കുറച്ചു പേര്‍ മാത്രമെ മുന്നോട്ട് പോകാറുള്ളൂ.

ഐസുപാളികള്‍ക്കൊപ്പം കുത്തിയൊലിച്ച് ഒഴുകുന്ന സിന്ധുനദിയുടെ ആരവവും ശക്തിയേറിയ ഹിമക്കാറ്റും മഞ്ഞുവര്‍ഷവും. . . മുന്നോട്ട് ഹിമശൃംഗങ്ങളിലൂടെയുള്ള യാത്ര അത്യന്തം വൈഷമ്യമേറിയതാകുന്നു. ഒറ്റ ദിവസം കൊണ്ടു പ്രദക്ഷിണം ചെയ്തു തീര്‍ക്കേണ്ട ഈ 22 കിലോമീര്‍ ദൂരത്തിന്നിടയില്‍, സമുദ്ര നിരപ്പില്‍നിന്ന് 23,000 അടിയോളം ഉയരത്തിലുള്ള ഡോള്‍മാ ചുരവും മറികടക്കണം. ലോകത്തിലെ ഉയരം കൂടിയ കൊടുമുടികളില്‍ ഒന്നാണ് ഡോള്‍മാ. വിവിധ വര്‍ണ്ണങ്ങളില്‍ പൊട്ടിച്ചിതറി കിടക്കുന്ന വലിയ വലിയ കല്‍ക്കൂമ്പാരങ്ങള്‍. ശിവതാണ്ഡവത്താല്‍ പൊട്ടിച്ചിതറിയതാണോ എന്ന് തോന്നുമാറ് കിലോമീറ്റര്‍ ദൂരത്തോളം കിടക്കുന്ന ആ കല്‍ക്കൂമ്പാരങ്ങളിലൂടെ ഇറങ്ങിയും കയറിയും മുന്നോട്ടുള്ള യാത്ര അതീവ ദുസ്സഹമാണ്. ഡോള്‍മാചുരത്തില്‍ നിന്ന് താഴോട്ടുള്ള ഇറക്കം കയറുന്നതിനേക്കാള്‍ പ്രയാസമുള്ളതാണ്. കാലൊന്നു തെറ്റിയാല്‍ ആയിരമായിരം അടികള്‍ക്കു താഴെ പൊട്ടിച്ചിതറിക്കിടക്കുന്ന പാറകൂമ്പാരങ്ങളിലൂടെ മരണത്തിന്റെ അഗാത ഗര്‍ത്തങ്ങളിലേക്കാണ് എത്തിച്ചേരുക. താഴോട്ടിറങ്ങുമ്പോള്‍ ദൂരെ താഴെ മനോഹരമായ ഗൗരികുണ്‍ഡ് കാണാം. മുകളില്‍ നിന്നു നോക്കുമ്പോള്‍ വിരിഞ്ഞ് നില്‍ക്കുന്ന താമരയുടെ ഇതളുപോലെ തോന്നുന്ന അഞ്ചു കൊച്ചു തടാകങ്ങള്‍. ഹിമപാളികള്‍ പൊങ്ങിക്കിടക്കുന്ന തടാകങ്ങളിലെ ജലത്തിന് വിവിധ വര്‍ണ്ണങ്ങളാണ്. ഗൗരികുണ്‍ഡും കഴിഞ്ഞ് വീണ്ടും താഴോട്ടിറങ്ങിയാലെത്തുന്നത് ഒരു ഹിമപരപ്പിലേക്കാണ്. നൂറ് മീറ്ററോളം പരന്നുകിടക്കുന്ന ഐസുപാളികള്‍ മറികടന്നാണ് മുന്നോട്ടുള്ള യാത്ര. ചില സ്ഥലത്തെ വിള്ളലുകള്‍ക്കിടയില്‍ അഗാധഗര്‍ത്തങ്ങളാണ്. പ്രയാസമേറിയ ഹിമാനികളെ മറികടന്ന് വീണ്ടും രണ്ടു കിലോമീറ്ററോളം കയറ്റിറക്കങ്ങളിലൂടെ ചെങ്കുത്തായ ഒരു ഇറക്കമിറങ്ങിയാല്‍ സുത്തുല്‍പുക്ക് സമതലമായി. ദെറാപുക്കില്‍ നിന്ന് 12 കിലോമീറ്ററോളം അതിദുര്‍ഘടമായ വഴികളിലൂടെ സുത്തുല്‍പുക്ക് സമതലത്തിലെത്തുന്നു. വീണ്ടും 10 കിലോമീറ്റര്‍ കൂടി യാത്ര ചെയ്താലെ സുത്തുല്‍പുക്ക് ക്യാമ്പിലെത്തുകയുള്ളൂ.

നിരപ്പായ സമതലത്തില്‍ 2 കിലോമീറ്ററോളം ദൂരം ഡൊള്‍മയിലെപോലെ പൊട്ടിച്ചിതറിക്കിടക്കുന്ന കല്‍ക്കൂമ്പാരങ്ങളാണ്. അതുകഴിഞ്ഞ് മുന്നോട്ടുള്ള യാത്ര സരയൂ നദിക്കരയിലൂടെയാണ്. കൈലാസത്തെ പ്രദക്ഷിണം ചെയ്തുകൊണ്ട് പൂച്ചെടികളും പൊന്തകാടുകളും നിറഞ്ഞ സരയൂനദിക്കരയിലൂടെ സുത്തുല്‍പുക്കിലേക്ക് നീങ്ങുമ്പോള്‍ ഇരുവശത്തും കാണുന്ന പര്‍വ്വതശൃംഗങ്ങള്‍ ആരിലും അത്ഭുതമുളവാക്കും. ഓരോ പര്‍വ്വതങ്ങളിലുമുള്ള പാറകള്‍ക്ക് വ്യത്യസ്ത നിറമാണ്. ലോകത്തിന്റെ കേന്ദ്രബിന്ദുവാണ് മഹാമേരു എന്നാണ് നമ്മുടെ പുരാണേതിഹാസങ്ങളില്‍ പറയുന്നത്. ചെറുതും വലുതുമായ ഒട്ടനവധി ഗുഹകളും ഗുഹാകവാടങ്ങളും ഈ ഭാഗങ്ങളില്‍ കാണാന്‍ സാധിക്കും. ദെറാപുക്കില്‍നിന്ന് 22 കിലോമീറ്റര്‍ സുദീര്‍ഘവും ദുര്‍ഘടവുമായ യാത്രകഴിഞ്ഞ്, സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 19,028 അടി ഉയരത്തിലുള്ള, സരയൂ നദിക്കരയിലെ സുത്തുല്‍പുക്ക് ക്യാമ്പിലെത്തുന്നതോടെ കൈലാസപ്രദക്ഷിണത്തിന്റെ മുക്കാല്‍ഭാഗവും നാം പിന്നിട്ടു കഴിയും. സുത്തുല്‍പുക്കില്‍ നിന്ന് ദര്‍ച്ചനിലേക്കുള്ള പത്തുകിലോമീറ്റര്‍ കൈലാസ പരിക്രമണത്തിന്റെ അവസാന ഭാഗമാണ്. നിമ്‌നോന്നതങ്ങളായ പര്‍വ്വതങ്ങളിലൂടെ, ഒറ്റയടിപ്പാതകളിലൂടെ നദീതീരങ്ങളിലൂടെ അവസാനഭാഗമായ പത്തു കിലോമീറ്റര്‍ യാത്ര ഒട്ടും വിഷമമുള്ളതല്ല. അവസാനഘട്ടവും കഴിഞ്ഞ് വീണ്ടും ദര്‍ച്ചനില്‍ തിരിച്ചെത്തുന്നതോടെ കൈലാസ പരിക്രമണം പൂര്‍ത്തിയാകുന്നു.