സിവില്‍ നിയമങ്ങളെ എങ്ങനെ മര്‍ദനത്തിന്റെ സാമൂഹിക അജണ്ടകളാക്കാം എന്നാണിപ്പോള്‍ ഫാഷിസം ആലോചിക്കുന്നതെന്ന് കെ.ഇ.എന്‍

kenpsdസിവില്‍ നിയമങ്ങളെ എങ്ങനെ മര്‍ദനത്തിന്റെ സാമൂഹിക അജണ്ടകളാക്കാം എന്നാണിപ്പോള്‍ ഫാഷിസം ആലോചിക്കുന്നതെന്ന് ഇടതുചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്. ഏകീകൃത സിവില്‍നിയമം എന്ന ഇന്ത്യന്‍ ഫാഷിസ്റ്റ് സമീപനം തള്ളി സെക്കുലര്‍ സിവില്‍ നിയമം സംബന്ധിച്ച സംവാദങ്ങള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധൈഷണിക പ്രതിരോധത്തെയാണ് ഫാഷിസം ഭയക്കുന്നതെന്നും അതിനാല്‍ അത്തരത്തിലുള്ള ചിന്തകളെപ്പോലും ഫാഷിസ്റ്റ് ശക്തികള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും രാമക്ഷേത്ര നിര്‍മാണം, ഏകീകൃത സിവില്‍ കോഡ് എന്നിവയെല്ലാം മത നിരപേക്ഷ സമൂഹത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. കാസിം ഇരിക്കൂര്‍ തയാറാക്കിയ ‘വ്യക്തിനിയമങ്ങളും ഏകീകൃത സിവില്‍കോഡും’ പുസ്തകം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി. രാജേന്ദ്രനില്‍നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ നീതിയുടെ ശബ്ദങ്ങള്‍ ഉയര്‍ന്നുവരണമെന്നും മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിച്ച് ആ ബഹുസ്വരതയെ നാം ആഘോഷിക്കുകയാണ് ചെയ്യേണ്ടതെന്നും പുസ്തകം പ്രകാശനം ചെയ്ത എന്‍.പി. രാജേന്ദ്രന്‍ പറഞ്ഞു. 95 ശതമാനം വ്യക്തിനിയമങ്ങളും കേന്ദ്രീകരിക്കപ്പെട്ട ഇന്ത്യയിലെ ജയിലുകളില്‍ കിടക്കുന്നവരിലേറെയും ആരാണ് എന്ന് ചിന്തിക്കുമ്പോഴാണ് ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള ഉത്കണ്ഠ വര്‍ധിക്കുന്നതെന്ന് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനും വ്യക്തമാക്കി.

Categories: Editors' Picks, GENERAL