അറിവിന്റെ ആകാശത്തില്‍ പറന്നുയരാന്‍ ഇന്ന് വായനാദിനം

june-19ഒരു ജനസമൂഹം അതിന്റെ സാംസ്‌കാരികമായ വളര്‍ച്ച തുടങ്ങുന്നത് വായനയിലൂടെയാണ്. വായന താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നു മോണിറ്ററിലേക്കു വഴിമാറി ഇന്ന് ഐ പാഡിലും സ്മാര്‍ട്ട് ഫോണുകളിലും എത്തിനില്‍ക്കുകയാണ്. വയനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതിനായി കേരളാ സര്‍ക്കാര്‍ 1996 മുതല്‍ ജൂണ്‍ 19 വായനാദിനമായി ആചരിച്ചുവരുന്നു. കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി.എൻ പണിക്കരുടെ ചരമദിനത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം.  മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയും കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനമിടുകയും ചെയ്ത പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്.

1909 മാർച്ച് 1ന് ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരിൽ, ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായാണ് പി.എൻ പണിക്കരുടെ ജനനം. പുതുവായിൽ നാരായണ പണിക്കർ എന്ന് പൂർണ്ണ നാമം. ചെറുപ്പം മുതൽ തന്നെ വായനയെ ഏറെ ഇഷ്ടപ്പെട്ട അദ്ദേഹം അധ്യാപക വൃത്തിയിലേക്ക് തിരിഞ്ഞു. 1926ൽ, ‘സനാതനധർമ്മം’ എന്ന വായനശാല സ്ഥാപിച്ചായിരുന്നു വായനവഴിയിലെ സംഘനാപ്രവർത്തനത്തിന് തുടക്കം. വായനയെ ജനകീയമാക്കാൻ കേരളമൊട്ടാകെ സഞ്ചരിച്ച അദ്ദേഹം’കേരള ഗ്രന്ഥശാല സംഘത്തിനും രൂപം നൽകി. ഒരു സാധാരണ ഗ്രന്ഥശാല പ്രവർത്തകനായി പ്രവർത്തനം ആരംഭിച്ച പിഎൻ പണിക്കരുടെ കഠിന പ്രയത്‌നത്താൽ കേരള ഗ്രന്ഥ ശാല സംഘം തഴച്ചു വളർന്നു. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന് കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. 1970ല്‍ പാറശ്ശാല മുതല്‍ കാസര്‍കോഡ് വരെ പണിക്കരുടെ നേതൃത്വത്തില്‍ കാല്‍നടയായി നടത്തിയ സാംസ്‌കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലോന്നാണ്. ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്നായിരുന്നു ജാഥയുടെ മുദ്രാവാക്യം.

1995 ജൂൺ 19ന് പി.എൻ പണിക്കരെന്ന വായനയുടെ കൂട്ടുകാരൻ പുസ്തകത്താളുകളിലേക്ക് മറഞ്ഞു. പി.എൻ പണിക്കരുടെ ചരമദിനം അങ്ങനെ മലയാളത്തിന്റെ വായനാദിനവുമായി.

 

Categories: TODAY