DCBOOKS
Malayalam News Literature Website

ഇന്ത്യന്‍ ഭരണഘടനയുടെ തൂണുകളില്‍ ഏറ്റവും ബലവത്തായത് മാധ്യമ പ്രവര്‍ത്തനം :ജസ്റ്റിസ് കമാല്‍ പാഷ

ഇന്ത്യന്‍ ഭരണ ഘടനയുടെ തൂണുകളില്‍ ഏറ്റവും ബലവത്തായത് മാധ്യമ പ്രവര്‍ത്തനമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. കേരള സാഹിത്യോത്സവത്തിന്റെ മൂന്നാംദിവസത്തില്‍ നടന്ന ‘ജുഡീഷ്യല്‍ ആക്ടിവിസം ജനാധിപത്യവും’ എന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ പൂര്‍ണ്ണ അധികാരം ജുഡീഷ്യറിക്കോ എക്‌സിക്യൂട്ടീവിനോ ലെജിസ്ലേറ്ററിനോ അല്ലെന്നും അത് പൊതുജനത്തിന് ആണ് എന്നും കെമാല്‍ പാഷ ഓര്‍മപ്പെടുത്തി.

മാധ്യമപ്രവര്‍ത്തനം എന്ന നാലാം തൂണിനപ്പുറം ജനങ്ങളാല്‍ ഒരു ബദല്‍ സംവിധാനം ഉണ്ടാകുമെന്നും പല സന്ദര്‍ഭങ്ങളിലും ഇങ്ങനെ ഉണ്ടായിട്ടുണ്ടെന്നും ഹമീദ് ചേന്നമംഗലൂര്‍  അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകള്‍ ശക്തമായി പ്രവര്‍ത്തിക്കുന്നില്ല എങ്കില്‍ ജനാധിപത്യം തകരുമെന്നും, ലെജിസ്ലേറ്റീവ് എക്‌സിക്യൂട്ടീവ് നിഷ്‌ക്രിയമാകുമ്പോഴാണ് ജുഡീഷ്യറിയില്‍ ആക്ടിവിസം വരുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു, ജുഡീഷ്യല്‍ ആക്ടിവിസം എന്നത് ഒരു പരിധിവരെ നല്ലതാണെന്നും പരിധിക്കപ്പുറം അത് ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ ദോഷമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യ കോടതികളാണ് നിലവില്‍ വരേണ്ടത് എന്ന ആശയത്തിന്റെ ചുവടുപിടിച്ച് തന്റെ യുവത്വകാലത്ത് കോടതികള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്ന് കെ.വേണു തുറന്നുപറഞ്ഞു. എന്നാല്‍ പിന്നീട് ആ ധാരണ മാറി. മീഡിയയിലൂടെ എല്ലാം പരിഹരിക്കാന്‍ സാധിക്കുന്നില്ല എന്നും നിയമ നിര്‍മ്മാണസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ജുഡീഷ്യറിയുടെ ഇടപെടല്‍ പരിശോധിച്ചു പോകേണ്ടതാണെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ ജഡ്ജിയും വ്യക്തിപരമായി ഇടപെടുമ്പോഴാണ് അതിനെ ജുഡീഷ്യല്‍ ആക്ടിവിസം എന്ന് വിളിക്കുന്നതെന്നും ഘടനാപരമായി ആക്ടിവിസം നിയന്ത്രിക്കപ്പെടണമെങ്കിലും അതിനോട് യോജിക്കുന്നുവെന്ന് കെ.വേണു വ്യക്തമാക്കി.

ഇന്നത്തെ കാലത്തു കോടതി പറഞ്ഞാലും ജനങ്ങള്‍ അനുസരിക്കാത്ത സ്ഥിതിയാണ് വന്നതെന്നും അത് ജനാധിപത്യത്തിന് അപകടമാണെന്നും പറഞ്ഞ കെമാല്‍ പാഷ സുപ്രീം കോടതിയുടെ ശബരിമല വിഷയത്തെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞപ്പോള്‍ താന്‍ ഭൂരിഭാഗ ജഡ്ജിമാരുടെ അഭിപ്രായത്തിനൊപ്പം ആണെന്നും താല്പര്യമുള്ള സ്ത്രീകള്‍ കയറട്ടെ എന്നും കൂട്ടിച്ചേര്‍ത്തു. നാലു തൂണുകളുടെയും പ്രതിപ്രവര്‍ത്തനമാണ് ഇന്ത്യന്‍ ഭരണഘടനയുടെ വിജയം എന്ന് അഭിപ്രായപ്പെട്ട കെ. വേണു, ഇതില്‍ ഒന്നിന്റെയും മേധാവിത്വം പാടില്ലെന്നും അഭിപ്രായപ്പെട്ടു. ഏതൊരു ഇന്ത്യന്‍ പൗരനും രണ്ടു തരത്തിലുള്ള അവകാശങ്ങളുണ്ടെന്ന് പറഞ്ഞ ഹമീദ് ചേന്നമംഗലൂര്‍ അത് രാഷ്ട്രീയപരമായ പൗരാവകാശവും അതോടൊപ്പം സാമ്പത്തികമായ സാമൂഹികാവകാശമാണെന്നും അഭിപ്രായപ്പെട്ടു. എന്‍. പി. രാജേന്ദ്രന്‍ ആയിരുന്നു മോഡറേറ്റര്‍

Comments are closed.