DCBOOKS
Malayalam News Literature Website

ജിഷ്ണു പ്രണോയ് കേസ് സിബിഐയ്ക്ക്

ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജിഷ്ണു പ്രണോയ് കേസ് സിബിഐ ഏറ്റെടുത്തു. കേസില്‍ സിബിഐ അന്വേഷണം ആകാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണം സുപ്രീംകോടതി സിബിഐയ്ക്ക് വിട്ടത്. കേസ് സിബിഐ ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ കോടതി കഴിഞ്ഞ തവണ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേന്ദ്രം ഇന്ന് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കേസ് ഏറ്റെടുക്കുന്നതില്‍ കാലതാമസം ഉണ്ടായതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കാലതാമസം വന്നത് തെളിവുകള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. ജൂണ്‍ 15 ന് കേസ് സിബിഐയ്ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ തുടര്‍ച്ചയായ അഭ്യര്‍ത്ഥന പരിഗണിച്ചായിരുന്നു ഇത്.

എന്നാല്‍ കേസ് ഏറ്റെടുക്കാനാകില്ലെന്ന് നവംബര്‍ ഒന്‍പതിന് സിബിഐ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. കേസ് ഏറ്റെടുക്കില്ലെന്ന് നവംബര്‍ 17 ന് സിബിഐ സംസ്ഥാന സര്‍ക്കാരിനെയും അറിയിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. അന്വേഷണകാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും സിബിഐ അല്ലെന്നുമായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ വാദം. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. സിബിഐയുടെ നിലപാട് പുനപ്പരിശോധിക്കുമെന്ന് നവംബര്‍ 22 ന് കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രം വ്യക്തമാക്കുകയും ചെയ്തിരുന്നു.

പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സിബിഐ കേസന്വേഷണം ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിഞ്ഞ് മാറിയത്. ജോലിഭാരം കൂടുതലാണെന്നും കേസന്വേഷിക്കുന്നതിന് സംസ്ഥാന പൊലീസിന് മതിയായ സൗകര്യങ്ങള്‍ ഉണ്ടെന്നും സുപ്രിം കോടതിയെ അറിയിച്ചു. പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ലഭിച്ചില്ലെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു. അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രപേഴ്‌സണല്‍ മന്ത്രാലയത്തിന് എഴുതിയ കത്തും പിന്നീട് പുറത്തുവന്നു. ഇതോടെ സിബിഐയുടെ വാദങ്ങള്‍ പൊളിയുകയായിരുന്നു.

പാമ്പാടി നെഹ്‌റു കോളെജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആയിരുന്ന ജിഷ്ണുവിനെ 2017 ജനുവരി ആറിനാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Comments are closed.