DCBOOKS
Malayalam News Literature Website

സുധാമൂര്‍ത്തിയുടെ മായാലോകത്തിലെ നൂനിയും ജീവിതത്തിലേക്കു ചേര്‍ത്തു തുന്നിയ മൂവായിരം തുന്നലുകളും

ഒഴുക്കുള്ളൊരു കഥ പോലെ ജീവിതവും യാഥാര്‍ത്ഥ്യഭാവത്തോടെ കഥയും പറയുന്ന എഴുത്തുകാരിയാണ് സുധാമൂര്‍ത്തി. കഥകളായാലും കുറിപ്പുകളായാലും വായനാസുഖം നല്‍കുന്നവായാണ് സുധാമൂര്‍ത്തിയുടെ ഓരോ രചനകളും. ഓര്‍മ്മക്കുറിപ്പുകളുടെ ഒരു പുസ്തകവും കുട്ടികള്‍ക്കുള്ള ഒരു നോവലുമായി സുധാമൂര്‍ത്തി മലയാളി വായനക്കാര്‍ക്കു മുന്നില്‍ വീണ്ടും എത്തുകയാണ്. ദ് മാജിക് ഒാഫ് ലോസ്റ്റ് ടെമ്പിള്‍ മായാലോകത്തിലെ നൂനി എന്ന പേരിലും ത്രീ തൗസന്റ് സ്റ്റിച്ചസ് ജീവിതത്തിലേക്കു ചേര്‍ത്തു തുന്നിയ മൂവായിരം തുന്നലുകള്‍ എന്ന പേരിലും പരിഭാഷപ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു.

മുതിര്‍ന്നവര്‍ക്കു തങ്ങളുടെ ബാല്യകാലത്തേയ്ക്ക് തിരിച്ചുപോകാന്‍ പ്രേരിപ്പിക്കുന്ന ബാലസാഹിത്യ കൃതിയാണ് മായാലോകത്തിലെ നൂനി. അവധി ആഘോഷിക്കുവാന്‍ ഗ്രാമത്തിലെ തന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും അടുത്തെത്തുന്ന നൂനി എന്ന പെണ്‍കുട്ടിയുടെ സാഹസിക കണ്ടുപിടുത്തത്തിന്റെ കഥയാണ് നോവല്‍ പറയുന്നത്. കര്‍ണ്ണാടകയിലെ സോമനഹള്ളി എന്ന ഗ്രാമവും ജീവിതവും ഈ പുസ്തകത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. കൗതുകം നിറഞ്ഞ കണ്ണുകളുമായി നൂനിക്കൊപ്പം വായനക്കാരനെയും കൊണ്ടുപോകുകയാണ് സുധാമൂര്‍ത്തി. അജ്ജിയുടേയും അജ്ജയുടേയും ചിട്ടകളിലൂടെ ജീവിക്കുകയും ഒപ്പം കാട്ടില്‍ മറഞ്ഞുകിടക്കുന്ന പടിക്കിണറിന്റെ രഹസ്യം കണ്ടെത്താന്‍ സാഹസികയാത്ര നടത്തുകയും ചെയ്യുന്ന നൂനി ബാലസാഹിത്യത്തിനൊര മുതല്‍ക്കൂട്ടാണ്.

ജീവിതത്തിലേക്കു ചേര്‍ത്തു തുന്നിയ മൂവായിരം തുന്നലുകള്‍ – തലക്കെട്ട് സൂചിപ്പിക്കുംപോലെ, ചില ജീവിത സന്ദര്‍ഭങ്ങളെ ഇഴയടുപ്പത്തോടെ തുന്നിച്ചേര്‍ത്ത് അവ തന്റെ ജീവിതമൂല്യങ്ങളെ ഊട്ടിയുറപ്പിച്ചതെങ്ങനെയെന്ന് തന്മയത്വത്തോടെ പറഞ്ഞുതരികയാണ് സൂധാമൂര്‍ത്തി. ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണ്‍ എന്ന പദവിയിലിരിക്കേ അഭിമുഖീകരിക്കേണ്ടി വന്ന അനുഭവങ്ങള്‍ ഈ പുസ്തകത്തിലെ പതിനൊന്ന് കുറിപ്പുകള്‍ക്കിടയില്‍ ചിതറിക്കിടക്കുന്നു. ഓരോ കുറിപ്പുകള്‍ക്കിടയിലും ഒരു ജീവിത സന്ദേശം വായനക്കാരന് വായിച്ചെടുക്കാനാവും.

മൂവ്വായിരം തുന്നലുകള്‍ എന്ന തലക്കെട്ടിനുശേഷമുള്ള താളുകള്‍ പറയുന്നത്, സമൂഹത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ദേവദാസികളെക്കുറിച്ചാണ്, അവര്‍ക്കിടയിലേയ്ക്ക് ചെല്ലുന്ന സുധ എന്ന യുവസാമൂഹിക പ്രവര്‍ത്തക, ആദ്യ തിരസ്‌കരിച്ചെങ്കിലും പിന്നീട് സ്വീകരിക്കപ്പെടുന്നു. ഈ രണ്ട് ഘട്ടങ്ങള്‍ക്കിടയില്‍ ഇന്നത്തെ സുധാമൂര്‍ത്തിയിലേയ്ക്കുള്ള ആദ്യ ചുവട് വയ്ക്കപ്പെടുന്നു. അധകൃതരുടെ വേദനകളും സന്തോഷങ്ങളും തിരിച്ചറിയുന്നു. ഓര്‍മ്മകള്‍ വീണ്ടും പിറകിലേയ്ക്ക് കുതിച്ച് സുധയുടെ അച്ഛന്‍ ഡോ ആര്‍. എച്ച്. കുല്‍ക്കര്‍ണിയുടെ ജീവിതത്തിലെ ഒരു ഹൃദയസ്പര്‍ശിയായ സന്ദര്‍ഭവും പങ്ക് വയ്ക്കുന്നു. വരികളിലേയ്ക്കു പകര്‍ത്തിയ മറ്റൊരു ഓര്‍മ്മ സുധാമൂര്‍ത്തിയുടെ പഠനകാലത്തെക്കുറിച്ചുള്ളതാണ്. എഞ്ചിനീയറിങ് കോളേജില്‍ ചേരുമ്പോള്‍ അവരുടെ ബാച്ചിലെ ഏക പെണ്‍കുട്ടി സുധാമൂര്‍ത്തിയായിരുന്നു.

ഇന്ത്യയില ഒരു എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമാണ് സുധാ മൂര്‍ത്തി. കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലാണ് അവര്‍ എഴുതുന്നത്. ആരോഗ്യ പരിപാലനം, സാമൂഹിക പുനരധിവാസം, ഗ്രാമങ്ങളുടെ ഉന്നതി, വിദ്യാഭ്യാസം , കല, സംസ്‌കാരം എന്നീ മേഖലകളിലെ പ്രവര്‍ത്തനം ലക്ഷ്യമിട്ട് 1996 ല്‍ കര്‍ണ്ണാടകയില്‍ ഇന്‍ഫോസിസ് ഫൗണ്ടേഷനും സ്ഥാപിച്ചു. കര്‍ണാടകയിലെ ഷി ഗോണിലാണ് സുധാമൂര്‍ത്തിയുടെ ജനനം. പല മേഖലകളിലായി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. രണ്ട് അമ്മകഥകള്‍, ജീവിതത്തിന്റെ രഹസ്യപാഠങ്ങള്‍, തിരി കൊളുത്തൂ ഇരുള്‍ മായട്ടെ, ഡോളര്‍ മരുമകള്‍, മഹാശ്വേത തുടങ്ങിയ പരിഭാഷകള്‍ സുധാമൂര്‍ത്തിയുടേതായിട്ടുണ്ട്.

 

 

 

Comments are closed.