ചന്ദനപേടകത്തിൽ തലൈവി മണ്ണോടു ചേർന്നു

jayaഅന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സംസ്കാര ചടങ്ങുകൾ ഹിന്ദു ബ്രാഹ്മണ ആചാര പ്രകാരം ദഹിപ്പിക്കുകയായിരുന്നില്ല മറവു ചെയ്യുകയായിരുന്നു. പൂര്‍ണമായും ചന്ദനത്തടിയില്‍ തീര്‍ത്ത പേടകത്തിലാണ് മൃതദേഹം അടക്കം ചെയ്തത്. ചെന്നൈ മറീന ബീച്ചിലെ അണ്ണാദുരൈയുടേയും എം.ജി.ആറിന്റേയും സ്മൃതിമണ്ഡപത്തിന് മധ്യേയായി സജ്ജീകരിച്ച കല്ലറയില്‍ 6.20ഓടെ അവര്‍ മണ്ണോട് ചേര്‍ന്നു. തോഴി ശശികലയും ജയയുടെ സഹോദര പുത്രന്‍ ദീപക് ജയകുമാറുമാണ് അന്തിമകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

സംസ്കാര ചടങ്ങുകൾ ഏതു രീതിയിലായിരിക്കുമെന്നതിനെക്കുറിച്ചു ചെറിയ ആശയക്കുഴപ്പം തിങ്കളാഴ്ച രാത്രിയുണ്ടായിരുന്നു.എന്നാൽ, പാർട്ടി നേതൃത്വം മൃതദേഹം മറവ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ദ്രാവിഡ നേതാക്കളുടെ ഭൗതികദേഹം ദഹിപ്പിക്കുക പതിവില്ല. പെരിയാർ, അണ്ണാദുരൈ, എംജിആർ എന്നിവരുടെയും ഭൗതികദേഹം മറവ് ചെയ്യുകയായിരുന്നു. ആ രീതി തന്നെ ജയയുടെ കാര്യത്തിലും പിന്തുടർന്നു.ആചാരപ്രകാരം സ്വന്തമായി മക്കളില്ലാത്തതിനാല്‍ തോഴി ശശികലയും ജയയുടെ സഹോദര പുത്രന്‍ ദീപക് ജയകുമാറുമാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. ചെറിയ ചന്ദനമുട്ടികളും പെട്ടിയിൽ നിക്ഷേപിച്ചു. ദഹിപ്പിക്കുന്നതിനു പകരമാണിത്. ജയയുടെ ദത്തുപുത്രനായിരുന്ന വി.എൻ. സുധാകരൻ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നെങ്കിലും അന്ത്യകർമങ്ങൾക്ക് അവസരം നൽകിയില്ല.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ജയയുടെ മൃതദേഹം സംസ്‌കരിച്ചത്. 4.15 ഓടെ പൊതുദര്‍ശനം അവസാനിപ്പിച്ച് സംസ്‌കാരത്തിനായി മൃതദേഹം രാജാജി ഹാളില്‍ നിന്ന് നീക്കുമ്പോഴും വന്‍ ജനാവലി അവിടെ തമ്പടിച്ചിരുന്നു. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം കടന്നുപോയ വഴിയുടെ ഇരുവശവും ജനസമുദ്രമായി മാറി. ഒരുമണിക്കൂര്‍ നേരമെടുത്താണ് മറീന ബീച്ചിലെ സംസ്‌കാര സ്ഥലത്ത് മൃതദേഹം എത്തിക്കാനായത്.

Categories: GENERAL, LATEST NEWS, News