DCBOOKS
Malayalam News Literature Website

ജയലളിത മരിച്ചിട്ട് ഇന്ന് ഒരാണ്ട്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത മരിച്ചിട്ട് ഇന്ന് ഒരാണ്ട്. തലൈവിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളാണു നടക്കുന്നത്. ചെന്നൈ മറൈന്‍ ഡ്രൈവിലെ സ്മാരകത്തില്‍ പ്രാര്‍ഥനകള്‍ നടക്കും.

2016 സെപ്റ്റംബര്‍ 22നു കടുത്ത പനിയും നിര്‍ജലീകരണവും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയാണ്, ഡിസംബര്‍ അഞ്ചിനു രാത്രി പതിനൊന്നരയോടെയാണ് ജയലളിത അന്തരിച്ചത്. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു മരണം.

1948 ഫെബ്രുവരി 24നാണ് ഒരു സാധാരണ തമിഴ് അയ്യങ്കാര്‍ ബ്രാഹ്മണ കുടുംബത്തില്‍ ജയരാമന്റെയും സന്ധ്യയെന്ന വേദവല്ലിയുടെയും മകളായി ഇപ്പോള്‍ കര്‍ണാടകയിലുളള അന്നത്തെ മൈസൂര്‍ സംസ്ഥാനത്തെ മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുര താലൂക്കിലെ മെലൂക്കോട്ടില്‍ ജയലളിത ജനിച്ചത്. പിറന്നുവീണ കുഞ്ഞിന് ദമ്പതികള്‍ മുത്തശ്ശി കോമളവല്ലിയുടെ പേരാണ് നല്‍കിയത്. ജയലളിത എന്ന സ്വന്തം പേര് ഒരു വയസുളളപ്പോഴാണ് കിട്ടിയത്. സ്‌കൂളില്‍ ചേര്‍ക്കുന്നതിനും മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കുമാണ് ഈ പേര് നല്‍കപ്പെട്ടത്. മൈസൂറില്‍ താമസിച്ചിരുന്ന രണ്ട് വീടുകളുടെ പേരില്‍ നിന്നാണ് ഈ പേര് അച്ഛനമ്മമാര്‍ തെരഞ്ഞെടുത്തത്. ആദ്യം താമസിച്ച വീടിന്റെ പേര് ജയവിലാസം എന്നും രണ്ടാമത് താമസിച്ച വീടിന്റെ പേര് ലളിത വിലാസമെന്നുമായിരുന്നു. കുഞ്ഞു ജയയെ എല്ലാവരും വാത്സല്യത്തോടെ അമ്മു എന്ന് വിളിച്ചു.

ജയകുമാര്‍ എന്ന് പേരുളള സഹോദരന്‍ കൂടി ജയക്കുണ്ടായിരുന്നു. ജയയ്ക്ക് വെറും രണ്ട് വയസുളളപ്പോള്‍ അച്ഛന്‍ മരിച്ചു. ഇതാണ് ജയലളിതയുടെ ജീവിതത്തില്‍ വഴിത്തിരിവായ സംഭവം. അമ്മ ജോലിതേടി ചെന്നൈയിലേക്ക് മക്കളുമായി എത്തി. അമ്മയുടെ സഹോദരി അംബുജവല്ലി ചെന്നൈയില്‍ എയര്‍ഹോസ്റ്റസായി ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവര്‍ നാടകങ്ങളിലും ചില സിനിമകളിലും അഭിനയിച്ചിരുന്നു.

ചെന്നൈയില്‍ ടൈപ്പും ഷോര്‍ട്ട് ഹാന്‍ഡും വശമുണ്ടായിരുന്ന വേദവല്ലിക്ക് ചെറിയൊരു വാണിജ്യസ്ഥാപനത്തില്‍ ജോലി ലഭിച്ചു. ഇതിനിടെ സഹോദരിയുടെ സഹായത്താല്‍ സിനിമകളില്‍ ഡബ്ബ് ചെയ്യാനും അഭിനയിക്കാനും തുടങ്ങി.ഈ പാതയിലൂടെ ജയയും സിനിമയിലെത്തി. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. പിന്നീട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും തമിഴ്‌നാടിനെ മുഴുവന്‍ തന്റെ കൈകളിലാക്കുകയും ചെയ്തു. അവര്‍ക്ക് എന്നും ജയലളിത എന്ന മുഖ്യമന്ത്രി അമ്മയുടെ സ്ഥാനമായിരുന്നു.

 

 

Comments are closed.