DCBOOKS
Malayalam News Literature Website

ദേവ്ദത് പട്‌നായ്ക്കിന്റെ ജയമഹാഭാരതം

“അനന്തമായ ഇതിഹാസങ്ങളില്‍ നിത്യമായ സത്യം ഒളിഞ്ഞിരിക്കുന്നു. അതെല്ലാം ആരു കാണുന്നു? വരുണന് ആയിരം കണ്ണുകളുണ്ട്. ഇന്ദ്രന് നൂറും എനിക്ക് രണ്ടു മാത്രം”-ദേവ്ദത് പട്‌നായ്ക്

അസാധാരണമായ സമീപനവും ആഖ്യാനരീതിയിലുള്ള വ്യത്യസ്തതയും കൊണ്ട് സവിശേഷമായ സ്ഥാനം അലങ്കരിക്കുന്നവയാണ് ദേവ്ദത് പട്‌നായ്ക്കിന്റെ കൃതികള്‍. ഭാരതത്തിന്റെ മഹാ ഇതിഹാസമായ മഹാഭാരതത്തിന്റെ പ്രാദേശിക മാറ്റങ്ങളെ ഒരൊറ്റ നൂലില്‍ ചേര്‍ത്തെടുക്കുകയാണ് ദേവ്ദത്ത് പട്‌നായിക് ജയമഹാഭാരതത്തിലൂടെ.

ആകാശത്തിനു മേലെ ദൈവങ്ങളുടെ വാസസ്ഥലമായ സ്വര്‍ഗ്ഗം. അതിനുംമേലെ വൈകുണ്ഠം. ജയം എന്നര്‍ത്ഥം വരുന്ന ജയ-വിജയ എന്നിങ്ങനെ പേരായ ഇരട്ടകളാണ് വൈകുണ്ഠത്തിന്റെ വാതില്‍ കാക്കുന്നത്. ഒരാള്‍ സ്വര്‍ഗ്ഗത്തിലേക്കു നിങ്ങളെ നയിക്കുന്നു. മറ്റൊരാള്‍ വൈകുണ്ഠത്തിലേക്കു നിങ്ങളെ ഉയര്‍ത്തുന്നു. വൈകുണ്ഠത്തില്‍ നിങ്ങള്‍ എന്നേക്കും സൗഖ്യമനുഭവിക്കും. സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ അര്‍ഹിക്കുന്നിടത്തോളവും. എന്താണ് ജയയും വിജയയും തമ്മിലുള്ള വ്യത്യാസം? ഈ ചോദ്യത്തിനുത്തരം കണ്ടെത്തിയാല്‍ മഹാഭാരതകാവ്യത്തിലെ നിഗൂഢതയും നിങ്ങള്‍ക്ക് പരിഹരിക്കാനാവും.

ഗ്രന്ഥകാരന്‍ സ്വയം വരച്ച രേഖാചിത്രങ്ങളും ഇതിഹാസസംബന്ധിയായ ഓരോ വിശദാംശങ്ങളും വ്യത്യസ്തമായ ആഖ്യാനശൈലിയും ജയമഹാഭാരതത്തെ സവിശേഷമാക്കുന്നു. പരമേശ്വരന്‍ മൂത്തത് ആണ് ഈ കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ജയമഹാഭാരതത്തിന്റെ കോപ്പികള്‍ ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

ദേവ്ദത് പട്‌നായ്ക്– വിദ്യാഭ്യാസപരമായി ഒരു ഡോക്ടറും ഔദ്യോഗികപരമായി നേതൃത്വപരിശീലകനുമായ ദേവ്ദത് പട്‌നായ്ക് പുരാണങ്ങളോടുള്ള അഭിനിവേശത്താല്‍ പുരാണകഥാനിപുണന്‍ എന്ന നിലയിലാണ് പ്രശസ്തന്‍. വിശുദ്ധകഥകളെക്കുറിച്ചും പ്രതീകങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും അവയ്ക്ക് ആധുനിക ലോകത്തുള്ള പ്രാധാന്യത്തെക്കുറിച്ചും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു. ദി ബുക്ക് ഓഫ് രാം, മിത്=മിഥ്യ എ ഹാന്‍ഡ് ബുക്ക് ഓഫ് ഹിന്ദു മിഥോളജി, ദി പ്രഗ്നന്റ് കിങ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ദി ബുക്ക് ഓഫ് കലി അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ചതാണ്.

Comments are closed.