ബാലാവകാശ പ്രവര്‍ത്തകനായ കൈലാഷ് സത്യാര്‍ത്ഥിയുടെ ജന്മദിനം

jan-11

1954 ജനുവരി 11നാണ് കൈലാഷ് ജനിച്ചത്. മദ്ധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ച സത്യാര്‍ഥി 26 ആം വയസ്സില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവു കുട്ടികളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിച്ചു. കുട്ടികളുടെ അവകാശങ്ങള്‍ക്കും സുരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ‘ബച്പന്‍ ബചാവോ ആന്ദോളന്‍’ എന്ന സംഘടന സ്ഥാപിച്ചു. ‘ഗ്ലോബല്‍ മാര്‍ച്ച് എഗയിന്‍സ്റ്റ് ചൈല്‍ഡ് ലേബര്‍’, ‘ഗ്ലോബല്‍ കാമ്പയിന്‍ ഫോര്‍ എജ്യുക്കേഷന്‍’ എന്നീ അന്താരാഷ്ട്ര സംഘടനകള്‍ക്കും നേതൃത്വം നല്‍കുന്നു. കുട്ടികള്‍ക്കായി നിരവധി നിയമങ്ങളും ഉടമ്പടികളും നിലവില്‍ വരാന്‍ മുന്‍കൈയെടുത്തു.

1980കള്‍ മുതല്‍ ബാലവേലയ്‌ക്കെതിരെ പ്രവര്‍ത്തിച്ചുവരികയാണ്. ‘ബച്പന്‍ ബചാവോ ആന്ദോലന്‍’ വഴി 80,000 കുട്ടികളെയാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മോചിപ്പിച്ചത്. കുട്ടികളുടെ അവകാശങ്ങള്‍ക്കും അവരുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവരികയാണ്. രാജ്യാന്തര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ‘ഗ്ലോബല്‍ മാര്‍ച്ച് എഗെയ്ന്‍സ്റ്റ് ചൈല്‍ഡ് ലേബര്‍’ എന്ന പേരില്‍ ലോകവ്യാപകമായി കുട്ടികളുടെ വിഷയം ഉന്നയിച്ച് പ്രവര്‍ത്തിച്ചു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഓണ്‍ ചൈല്‍ഡ് ലേബര്‍ ആന്റ് എഡ്യുക്കേഷന്‍, ഗ്ലോബല്‍ കാമ്പയിന്‍ ഫോര്‍ എഡ്യുക്കേഷന്‍ എന്നിവയുമായി ചേര്‍ന്ന് ലോകവ്യാപകമായി കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശത്തിനു വേണ്ടി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇന്ത്യയില്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനും സത്യാര്‍ത്ഥിയുടെ പോരാട്ടത്തിന് കഴിഞ്ഞു. യുനെസ്‌കോ, ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ എഡ്യൂക്കേഷന്‍ എന്നിവയില്‍ അംഗമാണ്. ഇന്ത്യയിലും ദക്ഷിണ ഏഷ്യയിലും മാത്രമല്ല, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളിലും സത്യാര്‍ത്ഥിയുടെ പ്രവര്‍ത്തനം വ്യാപിച്ചുകിടക്കുന്നു. രാജ്യാന്തരതലത്തില്‍ കുട്ടികളുടെ അവകാശത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം ഏകോപിക്കുന്ന വ്യക്തി കൂടിയാണ് സത്യാര്‍ത്ഥി.

ഡിഫന്‍ഡേഴ്‌സ് ഓഫ് ഡെമോക്രസി അവാര്‍ഡ് (യു.എസ്, 2009), അല്‍ഫോന്‍സോ കോമിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് (സ്‌പെയിന്‍, 2008), മെഡല്‍ ഓഫ് ദ ഇറ്റാലിയന്‍ സെനറ്റ് (2007), യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2007ലെ ഹീറോസ് ആക്ടിംഗ് ടു എന്‍ഡ് മോഡേണ്‍ ഡേ സ്‌്േലവറി എന്ന ബഹുമതി, ഫ്രീഡം അവാര്‍ഡ് (യു.എസ്, 2006), യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണിന്റെ വാലെന്‍ബര്‍ഗ് മെഡല്‍ (2002), ഫെഡ്ര്‌റിച് എബെര്‍ട്ട് സ്റ്റിഫ്തംഗ് അവാര്‍ഡ് (ജര്‍മ്മനി, 1999), റോബര്‍ട്ട് എഫ് കെന്നഡി ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ് (യു.എസ്, 1995), ദ ട്രപെറ്റര്‍ അവാര്‍ഡ് (യു.എസ്, 1985), ദ ആച്‌നെര്‍ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് (ജര്‍മ്മനി 1984) എന്നീ പുരസ്‌കാരങ്ങളും സത്യാര്‍ത്ഥിക്ക് ലഭിച്ചിട്ടുണ്ട്. 2014ലെ സമാധാനത്തിലുള്ള നോബല്‍ പുരസ്‌കാരവും ലഭിച്ചു.

 

Categories: TODAY