DCBOOKS
Malayalam News Literature Website

ഫൗസിയ ഹസന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഡി സി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്നു

വിവാദമായ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ജയില്‍വാസം അനുഭവിച്ച മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ മനസ്സുതുറക്കുന്നു. കേസില്‍ കുറ്റാരോപിതയായി ഏറെക്കാലം ജയിലിലും പൊലീസ് കസ്റ്റഡിയിലും കഴിഞ്ഞ സമയത്തുണ്ടായ തിക്താനുഭവങ്ങളും ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളുമാണ് ഓര്‍മ്മക്കുറിപ്പുകളുടെ രൂപത്തില്‍ ഫൗസിയ ഹസ്സന്‍ എഴുതുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ കൃതി ഉടന്‍ പ്രസിദ്ധീകരിക്കും.

കേസുമായി ബന്ധപ്പെട്ട ഒട്ടനേകം കാര്യങ്ങള്‍ ഫൗസിയ ഈ കൃതിയില്‍ പറയുന്നുണ്ട്. തന്റെ ജീവിതപശ്ചാത്തലം, കുടുംബജീവിതം, കേരളത്തില്‍ വരാനുണ്ടായ സാഹചര്യം, മറിയം റഷീദയുമായുള്ള ഫൗസിയയുടെ ബന്ധം, എങ്ങനെ കുറ്റാരോപിതയായി, ജയില്‍വാസക്കാലത്ത് പൊലീസില്‍ നിന്ന് അനുഭവിച്ച തിക്താനുഭവങ്ങള്‍, കുറ്റസമ്മതം നടത്തിയ വിധം, ജയില്‍വാസത്തിന് ശേഷമുണ്ടായ മോശം അനുഭവങ്ങള്‍ തുടങ്ങി പൊലീസ് കെട്ടിച്ചമച്ച ഐ.എസ്.ആര്‍.ഒ കേസുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഈ കൃതിയില്‍ ഫൗസിയ രേഖപ്പെടുത്തിയിരിക്കുന്നത്.

കേസില്‍  ശാസ്ത്രജ്ഞനായ നമ്പി നാരായണന് അനുകൂലമായുണ്ടായ സുപ്രീം കോടതി  വിധിയില്‍ സന്തോഷമുണ്ടെന്ന് ഫൗസിയ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. താന്‍ വിദേശിയായതു കൊണ്ടും ഇന്ത്യയില്‍ വരാനും പോകാനും പരിമിതിയുള്ളതുകൊണ്ടുമാണ് നമ്പി നാരായണനെ പോലെ നിയമപോരാട്ടം നടത്താന്‍ സാധിക്കാതിരുന്നതെന്നും ഫൗസിയ പറഞ്ഞു.

Comments are closed.