ബ്രിട്ടീഷ് ഭരണം അനുഗ്രഹമായിരുന്നു എന്ന വാദഗതികളെ തകർക്കുന്ന ഒരപൂർവ്വ ഗ്രന്ഥം

iruladanjaഅധിനിവേശം എന്ന അന്ധകാരയുഗം ഇന്ത്യയോട് ചെയ്തത് എന്താണ് എന്നതിന്റെ സരളവും അതേസമയം കണിശവുമായ വിവരണമാണ് ശശി തരൂരിന്റെ ‘ഇരുളടഞ്ഞ കാലം : ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത്’ (An Era of Drakness) എന്ന ഗ്രന്ഥം. 2016 അവസാനത്തോടെ ഡല്‍ഹിയിലെ അലേഫ് ബുക്ക് കമ്പനി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം അതിലെ വസതുതകളുടെ സമൃദ്ധിയും സുതാര്യതകൊണ്ടും വലിയതോതില്‍ വായനക്കാരുടെ ശ്രദ്ധ നേടി.

അധിനിവേശത്തിന്റെ ആകത്തുകയെന്തെന്ന് കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുകയാണ് ശശി തരൂര്‍ ഇവിടെ ചെയ്യുന്നത്. അദ്ദേഹത്തിന്റെ നര്‍മസുരഭിലവും സുതാര്യവുമായ ഭാഷ വായനക്കാരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒന്നായി രൂപാന്തരപ്പെടുത്തുന്നു. ശശി തരൂരിന്റെ ചൊടിയുള്ള ഭാഷയാണ് ഒരു വരണ്ട വിവരശേഖരമായി മാറിപ്പോകാവുന്ന ഈ ഗ്രന്ഥത്തെ ഇത്രമേല്‍ ഹൃദയാവര്‍ജകമാക്കുന്നത്.

book-22015 മെയ് മാസത്തില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഒരു ഡിബേറ്റില്‍ പങ്കെടുത്തുകൊണ്ട് ശശി തരൂര്‍ നടത്തിയ പ്രസംഗത്തിന്റെ വികസിതരൂപമാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരന്‍ ആമുഖത്തില്‍ പറയുന്നതുപോലെ അസാധാരണമായ വിധത്തില്‍ പുതുമയുളള യാതൊന്നും ആ പ്രസംഗത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്നില്ല. ദാദാഭായ് നവറോജി മുതല്‍ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവരെയുള്ളവര്‍ ദേശീയസ്വാതന്ത്യ്രപ്രക്ഷോഭകാലത്തും അതിനുമുമ്പും പലരൂപത്തില്‍ പറഞ്ഞ കാര്യങ്ങളുടെ ക്രോഡീകരണമാണ് ഈ ഗ്രന്ഥം.

ആമുഖം കൂടാതെ എട്ട് അധ്യായങ്ങളായാണ് ‘ഇരുളടഞ്ഞ കാലം : ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത് ’ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. കോളനിവാഴ്ച ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിച്ച സര്‍വനാശത്തിന്റെ ചിത്രം ശശി തരൂര്‍ അത്യന്തം ഫലപ്രദമായി അനാവരണംചെയ്തിട്ടുണ്ട്. ജനാധിപത്യവും രാഷ്ട്രീയസ്വാതന്ത്യ്രവും നിയമവാഴ്ചയും റെയില്‍വേയും കമ്പിത്തപാലും മറ്റും നല്‍കുകവഴി, പരോക്ഷമായെങ്കിലും, ബ്രിട്ടീഷ് ഭരണം ഇന്ത്യക്ക് അനുഗ്രഹമായിത്തീര്‍ന്നിട്ടുണ്ട് എന്ന് ഇപ്പോഴും കരുതിപ്പോരുന്നവരുടെ എല്ലാ വാദഗതികളെയും അതിസമര്‍ഥമായി, വേണ്ടത്ര വസ്തുതകളുടെ പിന്‍ബലത്തോടെ, ഖണ്ഡിക്കാന്‍ ശശിതരൂരിന് ഈ പുസ്തകത്തില്‍ കഴിഞ്ഞിട്ടുണ്ട്.

‘ഇരുളടഞ്ഞ കാലം : ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത് ’മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ലിൻസി കെ തങ്കപ്പനാണ്. പുസ്തകത്തിന്റെ ആദ്യ ഡി സി പതിപ്പ് ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

Categories: Editors' Picks, LITERATURE