DCBOOKS
Malayalam News Literature Website

അന്താരാഷ്ട്ര മാതൃഭാഷാ ദിനം

ലോകത്തുള്ള ഏഴായിരത്തോളം ഭാഷകളില്‍ പകുതിയോളം ഇന്ന് നാമാവശേഷമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ദുരവസ്ഥയില്‍നിന്നുള്ള മോചനം ലക്ഷ്യമാക്കി, ലോകത്തിലെ മാതൃഭാഷകള്‍ പ്രത്യേകിച്ച് ന്യൂനപക്ഷത്തിന്റെ ഭാഷകള്‍ അംഗീകരിക്കുന്നതിനും പ്രയോഗക്ഷമമാക്കുന്നതിനുമായി 2000 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി യുനസ്‌കോ ആചരിക്കുന്നു.

ബംഗ്ലാദേശില്‍ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാനദിനത്തിന് അന്തര്‍ദ്ദേശീയ തലത്തില്‍ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിന്റെ ഉദ്ഭവം. 1952 ഫെബ്രുവരി 21-ന് ബംഗാളി ഭാഷാപ്രസ്ഥാനത്തിന്റെ ഒരു പ്രതിഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ സ്മരണക്കായാണ് ബംഗ്ലാദേശില്‍ ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നത്.

2008നെ ലോക ഭാഷാവര്‍ഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി. ഭാഷാ സാംസ്‌കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്‌കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വര്‍ഷംതോറും ആചരിക്കപ്പെടുന്നു.

Comments are closed.