DCBOOKS
Malayalam News Literature Website

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ജൂബിലി കാഴ്ചകൾക്ക് ബുധനാഴ്ച തുടക്കമാകും

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ജൂബിലി കാഴ്ചകൾക്ക് ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തിൽ തുടക്കമാകും.

വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ബാലൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും.

ചടങ്ങിൽ ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ഷീൻലുക്ഗൊദാർദിനു വേണ്ടി മുതിർന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഗൊദാർദിനു ചടങ്ങിൽ നേരിട്ട് എത്താൻ കഴിയാത്തതിനാലാണിത്. തുടർന്ന് ജി.പി.രാമചന്ദ്രൻ രചിച്ച ഗൊദാർദ് പലയാത്രകൾ എന്ന പുസ്തകം മേയർ ആര്യാ രാജേന്ദ്രൻ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാറിന് നൽകിയും ഫെസ്റ്റിവൽ ബുള്ളറ്റിൻ കെ.ടി.ഡി.സി. ചെയർമാൻ എം.വിജയകുമാർ കിലേ ചെയർമാൻ വി.ശിവൻകുട്ടിക്കു നൽകിയും പ്രകാശനം ചെയ്യും.

ക്വോവാഡിസ്, ഐഡ ഉദ്ഘാടനചിത്രം

ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയൻ ചിത്രം ‘ക്വോവാഡിസ്, ഐഡ’ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമാകും. നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. ബോസ്നിയൻ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്കരിക്കുന്ന ചിത്രം അന്താരാഷ്ട്ര സംഘർഷങ്ങളുടെ ഉത്ഭവവും യുദ്ധത്തിന്റെ അർത്ഥരാഹിത്യവും അനാവരണം ചെയ്യുന്നു.

സെർബിയൻ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ സ്രെബെനിക്ക കൂട്ടക്കൊലയെ ആധാരമാക്കി രൂപപ്പെടുത്തിയ ഈ ചിത്രം ഇത്തവണത്തെ ഓസ്കാർ നോമിനേഷൻ നേടിയിരുന്നു. വെനീസ് ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര മേളകളിലും ക്വോ വാഡിസ്, ഐഡ മികച്ച പ്രതികരണം നേടിയിട്ടുണ്ട്.

കോവിഡ് പരിശോധന ഇന്നുമുതൽ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നവർക്കുള്ള കോവിഡ് ആന്റിജൻ ടെസ്റ്റ് തിങ്കളാഴ്ച മുതൽ. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ ക്രമീകരിച്ചിട്ടുള്ള നാല് കൗണ്ടറുകളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് പരിശോധന നടത്തുന്നത്.

തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിലും മറ്റ് ജില്ലകളിൽനിന്ന് മേളയിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിലും പരിശോധനയ്ക്ക് സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പരിശോധന സംബന്ധിച്ച അറിയിപ്പ് അക്കാദമി എസ്.എം.എസിലൂടെ നൽകിയിട്ടുണ്ട്.

പാസ് വിതരണം ഇന്നുമുതൽ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 11-ന് ടാഗോർ തിയേറ്ററിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഡെലിഗേറ്റ് സെൽ ഉദ്ഘാടനം ചെയ്തു.

കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തുന്ന ആരോഗ്യ പ്രവർത്തകരോടുള്ള ആദരസൂചകമായി ആദ്യ പാസ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ശിവമോളിക്ക് നല്‍കി. മഹാമാരിയുടെ ആദ്യഘട്ടങ്ങളിൽ തിരുവനന്തപുരം ജില്ലയിൽ തുടർച്ചയായി ഏറ്റവുമധികം ദിവസം കോവിഡ് വാർഡിൽ സേവനമനുഷ്ഠിച്ച ആരോഗ്യ പ്രവർത്തകയാണ് ശിവമോളി.

ഉച്ചയ്ക്ക് 12.30-ന് ഫെസ്റ്റിവൽ ഓഫീസ് സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഉദ്ഘാടനം ചെയ്യും. അക്കാദമി

പാസ് വിതരണത്തിനായി ടാഗോർ തിയേറ്ററിൽ ഏഴു കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആവുന്ന ഡെലിഗേറ്റുകൾക്ക് അക്കാദമി നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഫെസ്റ്റിവൽ കിറ്റും പാസും കൈപ്പറ്റാം.

മേള തുടങ്ങുന്നതിന് 48 മണിക്കൂർ മുൻപ് ലാബുകളിലോ ആശുപത്രികളിലോ ടെസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും പാസുകൾ കൈപ്പറ്റാമെന്നു അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ അറിയിച്ചു.

Comments are closed.