കാട്‌ കാക്കാം നല്ല നാളേയ്ക്കായി: ഇന്ന് ലോക വനദിനം..!

vanadinam

ഇന്ന് ലോക വനദിനം… നാടുനീങ്ങുന്ന കാടുകള്‍… എവിടെയോ അന്യമാവുന്ന മഴമേഘങ്ങള്‍… വറ്റുന്ന നീരുറവകള്‍…ഇവയൊന്നും ഓര്‍മ്മകളില്‍ മാത്രമായി തങ്ങാതിരിക്കാന്‍ നമുക്ക് ജഗരൂകരാകം. കാടിനെ അടുത്തറിയൂ, അവയെ സംരക്ഷിക്കൂ. ആ പച്ചപ്പ് എന്നും നിലനില്‍ക്കട്ടെ..!

എല്ലാ വര്‍ഷവും മാര്‍ച്ച് 21നാണ് ലോക വനദിനമായി ആചരിക്കുന്നത്. വനനശീകരണത്തില്‍ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോവര്‍ഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്.

പ്‌ളാസ്റ്റിക്ക് പോലുള്ള വസ്തുക്കള്‍ വന ജൈവവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികള്‍ ഉണ്ടാക്കുന്ന ദുരന്തഫലങ്ങള്‍ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനില്‍പ്പിനെ അപകടകരമാക്കുന്നു. ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഇത്തരം മാനുഷിക ഇടപെടലുകളില്‍ നിന്നും വനങ്ങളെ രക്ഷിക്കുക എന്നതാണ് വര്‍ഷം തോറും ആചരിക്കുന്ന ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യം.
വിവിധ സാംസ്‌കാരിക സംഘടനകള്‍ ഈ ദിനത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താറുണ്ട്. സ്‌കൂളുകളിലും മരം ഒരു വരം പദ്ധതികളും വൃക്ഷതൈ നടലും ഒക്കെ നടത്താറുണ്ട്. എന്നിരുന്നാലും ശരിയായ അവബോധം ജനങ്ങളിലെത്തുന്നില്ല എന്നതുതന്നെയാണ് വാസ്തവം. ഓരോ വേനല്‍കാലത്തും ഏക്കറുകണക്കിന് വനങ്ങളാണ് അഗ്നിക്ക് ഇരയാകുന്നത്. മനുഷ്യരുടെ അശ്രദ്ധകൊണ്ടും വനങ്ങള്‍ അഗ്നിക്കിരയാകുന്നുണ്ട്. മാത്രമല്ല വന്യമൃഗ്ഗങ്ങളും അവരുടെ ആവാസവ്യവസ്ഥയ്‌ക്കേല്‍ക്കുന്ന ആഘാതത്തിന്റെ പരണിതഫലം അനുഭവിക്കുന്നു. മഴയില്ലാതെയും വെള്ളമില്ലാതെ അവ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുകയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. കാടിന്റെ മക്കളായ ആദിവാസിഗോത്രങ്ങള്‍ക്കുപോലും തങ്ങള്‍ക്കവകാശപ്പെട്ട ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്തവരാണിവിടെയുള്ളത്.

വനസംരക്ഷണത്തെക്കുറിച്ച് വാതോരാതെ പറയുന്ന സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ വനഭൂമി എത്രയുണ്ടെന്നതിന് കണക്കില്ല. വിവിധ വികസന പദ്ധതികള്‍ക്ക് നല്‍കിയ വനഭൂമി ആകെ വനഭൂമിയില്‍ നിന്നും കുറയ്ക്കുക എന്ന പഴഞ്ചന്‍ രീതിയാണ് ഐ.ടി യുഗത്തിലും അധികൃതര്‍ പിന്തുടരുന്നത്. കൈയേറ്റം മൂലം അന്യാധീനപ്പെടുന്ന ഭൂമി സംബന്ധിച്ച് ആധികാരികമായ ഒരു വിവരവും വനം വകുപ്പിനില്ല. ഉപഗ്രഹസഹായത്തോടെ പഠിക്കുന്ന ബംഗളൂരു ആസ്ഥാനമായ ഏജന്‍സി നല്‍കുന്ന വിവരങ്ങള്‍ വനം വകുപ്പ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എത്തുന്നുണ്ട്. ഇത് ആധികാരികമായിസ്വീകരിച്ചിട്ടില്ല. നിബിഡ വനങ്ങള്‍ കുറഞ്ഞുവരുന്നതായാണ് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ പുതിയ വെളിപ്പെടുത്തല്‍. വനനശീകരണവും കൈയേറ്റവും സാധാരണ വനസംരക്ഷണപ്രശ്‌നം മാത്രമല്ല. 38,863 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സംസ്ഥാനത്തിന്റെ 24 ശതമാനവും വനമാണെന്നാണ് സര്‍ക്കാര്‍ കണക്ക്. വനനശീകരണം മൂലം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും കൃഷി, വ്യവസായം ഊര്‍ജോല്‍പാദനം എന്നിവയ്ക്കും ആവശ്യമായ ജലം ലഭിക്കാതായിട്ടുണ്ട്. പ്രതിശീര്‍ഷ ഭൂവിസ്തൃതി 0.134 ഹെക്ടര്‍ മാത്രമാണ്. ഇതാണ് വനം കൈയേറ്റത്തിന് വഴിവച്ച ഒരു കാരണം. വനം കൈയേറ്റങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹായിച്ചു. ഘട്ടംഘട്ടമായി കൈയേറ്റങ്ങളെ സാധൂകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതും ശക്തികൂട്ടി. വനം വകുപ്പിന്റെ കണക്കനുസരിച്ച് 1977ന് ശേഷം നടന്ന കൈയേറ്റങ്ങള്‍ 7289 ഹെക്ടറാണ്.77 വരെ നടന്ന കൈയേറ്റങ്ങള്‍ക്ക് പട്ടയം നല്‍കാമെന്നു വച്ചാല്‍ കേന്ദ്രനിയമം അനുസരിച്ച് 57176 ഹെക്ടര്‍ സ്ഥലത്ത് വനവത്കരണം നടത്തണം. എന്നാല്‍ ഇതുവരെ ഒന്നും നടന്നിട്ടില്ല. ഇങ്ങനെയായാല്‍ വരും കാലങ്ങളില്‍ നമ്മുടെ ആവാസവ്യവസ്ഥയുടെ നിലനില്‍പ്പുതന്നെ ഇല്ലാതാവും ആവശ്യത്തിനു വായുവും വെള്ളവും ഇല്ലാതെ മനുഷ്യര്‍ നെട്ടോട്ടമോടും..

എന്നാല്‍ വനസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കാടിനെ അടുത്തറിഞ്ഞ്, അവയെ സംരക്ഷിക്കാനും ആ പച്ചപ്പ് എന്നും നിലനിര്‍ത്താനും ഓരോരുത്തരും തയ്യാറാകണം.  നാടുനീങ്ങുന്ന കാടുകള്‍… എവിടെയോ അന്യമാവുന്ന മഴമേഘങ്ങള്‍… വറ്റുന്ന നീരുറവകള്‍…ഇവയൊന്നും ഓര്‍മ്മകളില്‍ മാത്രമായി തങ്ങാതിരിക്കാന്‍ നമുക്ക് ജഗരൂകരാകം…!

Categories: GENERAL, LATEST NEWS

Related Articles