DCBOOKS
Malayalam News Literature Website

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ; ഒരു ആധികാരിക ചരിത്രവിശകലനം

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനുള്ള പ്രക്രിയ ഇന്ത്യയില്‍ ആരംഭിച്ചത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്. ഈ പ്രക്ഷോഭം നിരവധി പരിവര്‍ത്തന ഘട്ടങ്ങളിലൂടെ കടന്നുപോയി. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി ഒരു നൂറ്റാണ്ടോളം പൊരുതിയിട്ടാണ് നാം സ്വാതന്ത്ര്യം നേടിയെടുത്തത്. ബ്രിട്ടീഷ് ഇന്ത്യാ കമ്പനിക്ക് ലാഭമുണ്ടാക്കണമെന്നും ബ്രിട്ടീഷ് ജനതയ്ക്കു പുരോഗതിയും സമ്പദ് സമൃദ്ധിയും ഉണ്ടാവണമെന്നും അവിടെ വ്യവസായങ്ങള്‍ വികസിക്കണമെന്നുമുള്ള സങ്കുചിതമായ ചിന്ത മാത്രമായിരുന്നു ഭരണവര്‍ഗ്ഗത്തിനുണ്ടായിരുന്നത്. ഇത് ഇന്ത്യന്‍ ജനതയുടെ സാമ്പത്തിക സാഹചര്യങ്ങളില്‍ അനിവാര്യമായ തിരിച്ചടികളുണ്ടാക്കി.

1880 മുതല്‍ 1905 വരെയുള്ള കാലത്തെ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സാമ്പത്തികാടിത്തറയുടെയും നയങ്ങളുടെയും ദേശീയമായ തിരിച്ചറിയലുകളുടെയും സ്വതന്ത്രമായ ഒരു ദേശീയ സമ്പദ് വ്യവസ്ഥയ്ക്കു വേണ്ടിയുള്ള ബദല്‍ ദേശീയ പദ്ധതികളുടെ പരിണാമത്തിന്റെയും ക്രമാനുഗതമായ വികാസത്തെക്കുറിച്ചുമാണ് ഇന്ത്യയുടെ സാമ്പത്തിക ദേശീയത-ഉയര്‍ച്ചയും വളര്‍ച്ചയും എന്ന ചരിത്രപഠനഗ്രന്ഥത്തിലൂടെ പറയുന്നത്. വിഖ്യാത ചരിത്രകാരനായ ബിപന്‍ ചന്ദ്ര രചിച്ചിരിക്കുന്ന ഈ കൃതി കൊളോണിയല്‍ വിധേയത്വത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യന്‍ ജനത ഉരുത്തിരിഞ്ഞു വരാനുള്ള സാഹചര്യങ്ങളൊരുക്കിയ സാമ്പത്തിക, സാമൂഹ്യ രാഷ്ട്രീയാശയങ്ങളെ വിശകലനം ചെയ്യാന്‍ സഹായിക്കുന്ന ഒരു ഉത്തമ പഠനഗ്രന്ഥമാണ്. അക്കാലത്ത് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവും നേതാക്കളും മാധ്യമങ്ങളും കൈക്കൊണ്ടിരുന്ന സാമ്പത്തിക നയങ്ങളെ വിശകലനം ചെയ്യുന്നതിനോടൊപ്പം ബ്രിട്ടീഷ് ഭരണത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെയും അവ മറച്ചുവയ്ക്കുന്നതിനായി ബ്രിട്ടീഷ് രാഷ്ട്ര തന്ത്രജ്ഞരും സാമ്പത്തിക ശാസ്ത്രജ്ഞരും നടത്തിയ ശ്രമങ്ങളെയും ഈ കൃതിയിലൂടെ തുറന്നുകാട്ടുന്നുണ്ട് ലേഖകന്‍.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നത്. എ പി കുഞ്ഞാമുവാണ്. പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

Comments are closed.