DCBOOKS
Malayalam News Literature Website

ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ്-11 വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ ഭാരംകൂടിയ ഉപഗ്രഹമായ ജിസാറ്റ്-11 ബുധനാഴ്ച ഫ്രഞ്ച് ഗയാനയിലെ കൗറുവിലുള്ള ഗയാന സ്‌പേസ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് മികച്ച പിന്തുണയാകുമെന്നു വിലയിരുത്തപ്പെടുന്ന ഉപഗ്രഹം ഇന്ത്യന്‍ സമയം 2.07നാണ് വിക്ഷേപിച്ചത്.

‘ഏരിയന്‍ 5’ റോക്കറ്റാണ് ജിസാറ്റുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. രാജ്യത്ത് 16 ജി.ബി.പി.എസ് വേഗത്തിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് ഉപഗ്രഹവിക്ഷേപണത്തിന്റെ ലക്ഷ്യം. ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന ഉപഗ്രഹ ശ്രേണിയിലെ മുന്‍ഗാമിയായിട്ടാണ് ജിസാറ്റ്-11 വിലയിരുത്തപ്പെടുന്നത്. വലിയ പക്ഷി എന്ന ഓമനപ്പേരുള്ള ഉപഗ്രഹത്തിന്റെ ഭാരം 5845 കിലോഗ്രാമാണ്.

15 വര്‍ഷം കാലാവധിയുള്ള ഉപഗ്രഹത്തിന് 1,200 കോടി രൂപയാണ് ചെലവ്. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഉപഗ്രഹവിക്ഷേപണം. ഡിജിറ്റല്‍ ഇന്ത്യക്കു കീഴില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഭാരത്‌നെറ്റിലൂടെ രാജ്യത്തെ വിദൂര ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും വേഗമുള്ള ബ്രോഡ്ബാന്‍ഡ് ശൃംഖലക്കു വിക്ഷേപണം സഹായകരമാകുമെന്ന് കെ. ശിവന്‍ പ്രതികരിച്ചു.

;

ഈ ശ്രേണിയില്‍പ്പെട്ട ജിസാറ്റ് 19, ജിസാറ്റ്-29 എന്നീ ഉപഗ്രഹങ്ങള്‍ നേരത്തേ വിക്ഷേപിച്ചിരുന്നു. ജിസാറ്റ്-20 അടുത്ത വര്‍ഷം വിക്ഷേപിക്കും. നാല് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയാല്‍ ഇന്ത്യയില്‍ 100 ജി.ബി.പി.എസ്. വേഗത്തിലുള്ള ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ജിസാറ്റ്-11 മേയ് 26-ന് വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ചില പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിക്ഷേപണം നീട്ടിവെക്കുകയായിരുന്നു.

Comments are closed.