പകരം, ഒരു പുസ്തകം മാത്രം..!

oru-sankeerthanam

പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനംപോലെ’ എന്ന നോവലിനെ അടിസ്ഥാനമാക്കി സക്കറിയ തിരക്കഥയെഴുതി ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത പകരം, ഒരു പുസ്തകം മാത്രം (‘In Return: Just a Book’) എന്ന ഡോക്യുഫിക്ഷന്‍ പ്രദര്‍ശിപ്പിച്ചു. ഫിലിം റിയാദ് ചില്ല സര്‍ഗവേദിയുടെ പ്രതിമാസ വായനാപരിപാടിയുടെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത് . 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ സൗദി അറേബ്യയിലെ ആദ്യ പ്രദര്‍ശനമാണിത്.

വിശ്വപ്രസിദ്ധ റഷ്യന്‍ എഴുത്തുകാരന്‍ ദസ്തയേവ്‌സ്‌കിയും അദ്ദേഹത്തിന്റെ സ്‌റ്റെനോഗ്രാഫര്‍ ആയി ഏതാനും ദിവസങ്ങള്‍ ജോലിചെയ്ത അന്നയെന്ന oru-sankeerthanam-poleപെണ്‍കുട്ടിയും തമ്മിലുള്ള പ്രണയബന്ധമാണ് ഒരു സങ്കീര്‍ത്തനംപോലെ യുടെ പ്രമേയം. താനൊരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശത്തെയും തനിക്കപരിചിതമായ ഒരു കാലഘട്ടത്തെയും റഷ്യന്‍ സാഹിത്യത്തിലുള്ള പരിചയത്തിന്റെ പിന്‍ബലത്തില്‍ തികച്ചും ഭാവനാത്മകമായി ആവിഷ്‌കരിക്കുകയാണ് പെരുമ്പടവം ശ്രീധരന്‍ ചെയ്യുന്നത്. ഇതിലെ ചില സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കി സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗ് നഗരത്തിലെ ദസ്തയേവ്‌സ്‌കിയുടെ വീട്ടിലും (ഇപ്പോള്‍ മ്യൂസിയം) പെരുമ്പടവത്തുമായാണ് ‘പകരം, ഒരു പുസ്തകം മാത്രം’ ചിത്രീകരിച്ചിരിക്കുന്നത്.

ദസ്തയേവ്‌സ്‌കിയും അന്നയുമായി പ്രസിദ്ധ റഷ്യന്‍ അഭിനേതാക്കള്‍ വ്‌ളദിമിര്‍ പോസ്‌നിക്കോവും ഒക്‌സാന കാര്‍മിഷിനയും വേഷമിട്ടിരിക്കുന്നു. പുറമെ നോവലിസ്റ്റായ പെരുമ്പടവം ശ്രീധരനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സക്കറിയ തന്നെയാണ് ശബ്ദം നല്‍കിയത്. ശരത്തിന്റെതാണ് സംഗീതം. ബേബി മാത്യു സോമതീരം നിര്‍മ്മിച്ച ഡോക്യൂമെന്ററിയുടെ ഛായാഗ്രാഹണം കെ.ജി.ജയനും, എഡിറ്റിംഗ് അജിത് കുമാര്‍ ബി.യുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പ്രദര്‍ശനത്തിനുശേഷം ഡോക്യൂമെന്ററിയെക്കുറിച്ചും ദസ്തയേവ്‌സ്‌കിയുടെ സര്‍ഗ്ഗജീവിതത്തെക്കുറിച്ചുമുള്ള ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു.

Categories: Editors' Picks, LITERATURE