DCBOOKS
Malayalam News Literature Website

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ എട്ടിന് തിരിതെളിയും

തിരുവനന്തപുരം; ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ എട്ടിന് തിരിതെളിയും. പലസ്തീന്‍ ജനതയുടെ ദുരന്തജീവിതം ചിത്രീകരിച്ച സിയാദ് ദുയെരിയുടെ ‘ഇന്‍സള്‍ട്ട്’ ആണ് ഉദ്ഘാടന ചിത്രം. 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ലധികം ചിത്രങ്ങളാണ് 22 ആമത് രാജ്യാന്തര മേളയില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. മത്സരവിഭാഗത്തിലെ നാല് ഇന്ത്യന്‍ സിനിമകളില്‍ രണ്ടെണ്ണം മലയാളത്തില്‍ നിന്നുള്ളതാണ്. പ്രേംശങ്കരിന്റെ രണ്ടുപേര്‍, സഞ്ജു സുരേന്ദ്രന്റെ ഏദന്‍ എന്നിവയാണ് മലയാളത്തില്‍ നിന്നും മാറ്റുരയ്ക്കുന്നത്.

മലയാളി സ്ത്രീയുടെ ജീവിതം വരച്ച് കാട്ടുന്ന ‘അവള്‍ക്കൊപ്പം’ എന്ന പുതിയ വിഭാഗം മേളയുടെ മുഖ്യ ആകര്‍ഷണമാകും. ലോകസിനിമാ വിഭാഗത്തില്‍ ഏറെ ശ്രദ്ധനേടിയ യങ് കാള്‍ മാക്‌സ് അമേരിക്കന്‍ ചിത്രം മദര്‍ എന്നിവയാണ് പ്രദര്‍ശിപ്പിക്കുക. ഇത്തവണത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊകുറോവിനാണ്.

അതേസമയം, ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനചടങ്ങുകള്‍ ലളിതമാക്കുമെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്ന സാംസ്‌കാരികപരിപാടികളും റദ്ദുചെയ്തു.

Comments are closed.