DCBOOKS
Malayalam News Literature Website

മതവും ദൈവവും എന്താണ്?

ദൈവം എന്ന സങ്കല്പം അതൊന്ന് മാത്രമാണ് എന്ന് പറഞ്ഞുകൊണ്ടാണ് സ്വാമി അഗ്‌നിവേശ് ആരംഭിച്ചത്. നാമതിനെ പല പേരുകളിട്ട് പല മതങ്ങള്‍ക്കുള്ളില്‍പ്പെടുത്തി വേര്‍തിരിക്കുന്നു എന്ന് മാത്രം. താന്‍ ജനിച്ചത് ഒരു ഹിന്ദു ബ്രാഹ്മണ കുടുംബത്തിലാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമൊക്കെ ചെറുപ്പത്തില്‍ കുടുംബത്തില്‍ നിന്നും കണ്ടുവളര്‍ന്നതാണ്. അച്ഛന്‍ മരിച്ച ശേഷം അമ്മയുടെ കൂടെയായിരുന്നു കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത്. എന്നാല്‍ ചില ദിവസങ്ങളില്‍ അമ്മയെ കാണാനും തൊടാനും അനുവാദമില്ലായിരുന്നു. ആര്‍ത്തവം അന്ന് അശുദ്ധിയായിരുന്നു. താഴ്ന്ന ജാതിക്കാരെന്നു മുദ്രകുത്തപ്പെട്ടവരെ തൊട്ടാല്‍ കുളിക്കണമായിരുന്നു. എന്നാല്‍ അതേ ആള്‍ക്കാരില്‍ നിന്നും പാലും അവര്‍ കൃഷി ചെയ്ത വിളകളും ഉപയോഗിക്കുമായിരുന്നു. മതം ചോദ്യം ചെയ്യപ്പെടാതെ, അതിനുള്ള അവകാശം പോലുമില്ലാതെ വളര്‍ന്നിരുന്നു എന്നാണ് സ്വാമി പറഞ്ഞത്. ആര്യസമാജവും അതുവഴി സ്വാമി ദയാനന്ദ സരസ്വതിയില്‍ നിന്നും വേദങ്ങളും ഉപനിഷത്തുകളും സ്വായത്തമാക്കി. അങ്ങനെ എല്ലാ മതങ്ങളെ കുറിച്ചും അവയുടെ മൂല്യങ്ങളെ കുറിച്ചും പഠിക്കാന്‍ കഴിഞ്ഞു. അതിലൂടെ താന്‍ അന്തിമമായി മനസിലാക്കിയത് ദൈവം മറ്റൊന്നുമല്ല, സ്‌നേഹമാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

തനിക്ക് ചുറ്റുമുള്ള അനീതിയും കള്ളവും തന്നെ സമൂഹ്യപ്രവര്‍ത്തകനാക്കുകയായിരുന്നു എന്നാണ് സ്വാമി പറഞ്ഞത്. 1960കളില്‍ വടക്കന്‍ ബംഗാളിലെ നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് വിപ്ലവം തോക്കിന്‍ മുനയില്‍ നിന്നാണ് വരുന്നതെന്ന് പറഞ്ഞതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സര്‍ക്കാരിന് എതിരെയുള്ള സമരത്തില്‍ ചെരുപ്പില്ലാതെ, ഉപ്പ് കഴിക്കാതെ, വെറും നിലത്ത് കിടന്ന ഓര്‍മകള്‍ സ്വാമി പങ്കുവച്ചു. താന്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു, കള്ളക്കേസില്‍ കുടുക്കിയിരുന്നു.

ശബരിമലയിലെ നൈഷ്ഠിക ബ്രഹ്മചര്യമെന്ന സങ്കല്‍പ്പം, സ്ത്രീ പ്രവേശനത്തിന് എതിര് നില്‍ക്കുന്ന പ്രവണതയെ അദ്ദേഹം ശക്തമായി എതിര്‍ത്തു. മതത്തിന്റെ ഇടുങ്ങിയ ചിന്താഗതിയില്‍ നിന്ന് താന്‍ പതിയെ പുറത്തുവന്നെന്നും പുതിയ ഐഡന്റിറ്റി താന്‍ അസ്വദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പം തൊട്ടേയുള്ള മൈന്‍ഡ് കണ്ടീഷനിംഗ്, മത-ജാതി സങ്കല്‍പ്പങ്ങള്‍ ഒക്കെ ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിരില്ലാത്ത നീതിയാണ് തന്നെ സംബന്ധിച്ചിടത്തോളം ദൈവം. നമ്മെ സൃഷ്ടിച്ച ദൈവത്തോട് സംവദിക്കാന്‍ നമുക്ക് ഒരിടനിലക്കാരന്റെ ആവശ്യം ഉണ്ടെന്ന് കരുതുന്നില്ല. ലോകത്തിലെ ഏറ്റവും പരിപാവനമായ സ്ഥലം മനുഷ്യശരീരം ആണ്, അല്ലാതെ മനുഷ്യന്‍ സൃഷ്ടിച്ച അമ്പലങ്ങളോ പള്ളികളോ അല്ല. ഓരോ കോശവും അത്ഭുതമാണ്. നമ്മുടെ പാപങ്ങള്‍ പുണ്യജലത്തില്‍ കഴുകി കളയുക എന്നത് മണ്ടത്തരമാണെന്നും ചെയ്ത പാപങ്ങള്‍ക്ക് പ്രതിഫലം നമ്മള്‍ തന്നെ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ രക്ഷപ്പെടണമെങ്കില്‍ ഈ പുരുഷാധിപത്യ സമൂഹത്തില്‍ നിന്നും പുറത്തേക്കിറങ്ങണമെന്നും വനിതാ മതില്‍ നല്ല മാറ്റത്തിനുള്ള പ്രതീക്ഷ ആണെന്നും സ്വാമി അഗ്നിവേശ് അഭിപ്രായപ്പെട്ടു. താന്‍ വെജിറ്റേറിയന്‍ ആണെന്നും മറ്റു ജീവികളെ കൊന്നു തിന്നുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നും സ്വാമി പറഞ്ഞു. വിശപ്പ് കാരണം അനുദിനം കുട്ടികള്‍ മരിച്ചു പോവുന്നതിനെ കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു. 11 തവണ താന്‍ ജയിലില്‍ കിടക്കേണ്ടിയും, 6 തവണ അക്രമത്തിന് ഇരയാകേണ്ടിയും വന്നിട്ടുണ്ട്. 1977-ല്‍ ജയപ്രകാശ് നാരായണ്‍ മൂവ്‌മെന്റിന്റെ ഭാഗമായതിനെ കുറിച്ചും തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അഞ്ചു വര്‍ഷം എം.എല്‍.എ ആയിരിക്കെ സ്വന്തം മുഖ്യമന്ത്രിയോട് എതിര്‍ത്ത് പോരാടേണ്ടി വന്നു. രാഷ്ട്രീയ അധികാരം ഇല്ലാതെ മാറ്റം കൊണ്ടുവരാനും തുല്യത ഉറപ്പാക്കാനും കഴിയില്ല എന്നാണ് തന്റെ അഭിപ്രായം എന്നുപറഞ്ഞ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചു.

തയ്യാറാക്കിയത്: ശില്പ മോഹന്‍ (കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒഫീഷ്യല്‍ ബ്ലോഗര്‍) 

Comments are closed.