DCBOOKS
Malayalam News Literature Website

കേരളത്തില്‍ ഉഷ്ണ തരംഗത്തിന് സാധ്യത

കേരളത്തില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അനുഭവപ്പെട്ടതിനേക്കാള്‍ രണ്ട് ഡിഗ്രിയിലധികം ചൂട് ഇക്കുറി കൂടുമെന്നാണ് സൂചന. പകല്‍ 11 മണിമുതല്‍ 3 മണി വരെ സൂര്യതാപത്തിന് സാധ്യത കൂടുതലാണ്. അതിനാല്‍ പകല്‍ സമയത്ത് പുറം ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

2016 ഏപ്രില്‍ അവസാനമാണ് ചരിത്രത്തിലാദ്യമായി ഉഷ്ണ തരംഗം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ട് കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി രണ്ടുദിവസം 40 ഡിഗ്രിയിലധികം ചൂടുണ്ടാവുകയും ഇത് ശരാശരിയിലും നാലര ഡിഗ്രി കൂടുതലായിരിക്കുകയും ചെയ്യുമ്പോഴാണ് ഉഷ്ണതരംഗം (ഹീറ്റ് വേവ്) സംഭവിക്കുന്നത്. സൂര്യാതപമേല്‍ക്കാനും അതുവഴി ജീവഹാനി സംഭവിക്കാനും സാധ്യതയുള്ള അവസ്ഥയാണിത്.പാലക്കാട് ജില്ലയില്‍ ഫെബ്രുവരി അവസാനത്തോടെ തന്നെ ചൂട് 40 ഡിഗ്രി കടന്നതാണ് ഉഷ്ണതരംഗ സാധ്യതയേറാന്‍ കാരണമായി പറയുന്നത്. വേനല്‍മഴ ലഭ്യതയെ ആശ്രയിച്ചിരിക്കും വരും ദിവസങ്ങളിലെ അവസ്ഥ. തീരദേശ നഗരമായ കോഴിക്കോട്ട് ദിവസങ്ങളായി താപനില 37 ഡിഗ്രിക്ക് മുകളിലാണ്. ഇത് ശരാശരിയിലും നാലര മുതല്‍ അഞ്ച് ഡിഗ്രി വരെ കൂടുതലാണ്. ഇതുംകൂടി പരിഗണിച്ചാണ് കേരളത്തില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ചത്.

മെയ് രണ്ടാം തീയതിയോടെ ചില സ്ഥലങ്ങളില്‍ മഴ പെയ്തു തുടങ്ങാനും സാധ്യതയുണ്ട്. പാലക്കാട് മുതലുള്ള വടക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത വളരെ കുറവാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മെയ് മൂന്നിന് കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും മെയ് ആറു മുതല്‍ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Comments are closed.