DCBOOKS
Malayalam News Literature Website

ജാലിയന്‍ വാലാബാഗ് ദിനം

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല. റൗലറ്റ് ആക്റ്റിനെതിരെ ഇന്ത്യയിലെങ്ങും പടര്‍ന്നുപിടിച്ച പ്രക്ഷോഭം പഞ്ചാബില്‍ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് തീക്ഷ്ണതയേകി. അമൃത്സറില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പട്ടാളഭരണം പ്രഖ്യാപിച്ചു. ഇതിനെതിരെ 1919 ഏപ്രില്‍ 13ന് ജാലിയന്‍ വാലാബാഗില്‍ ദേശീയവാദികള്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു.

കെട്ടിടങ്ങളും ഉയര്‍ന്ന മതില്‍ കെട്ടുകളുമായി ചുറ്റപ്പെട്ട സ്ഥലത്ത് ഇരുപതിനായിരത്തോളം ആളുകള്‍ ഒത്തുകൂടി. ഇതറിഞ്ഞെത്തിയ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ജനറല്‍ മൈക്കള്‍ ഡയര്‍ യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാന്‍ തന്റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു.

ഏതാണ്ട് പത്തുമിനിട്ടോളം ഈ വെടിവെപ്പു തുടര്‍ന്നു. വെടിക്കോപ്പ് തീരുന്നതുവരെ ഏതാണ്ട് പട്ടാളക്കാര്‍ വെടിവെയ്പ്പ് തുടര്‍ന്നു. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേര്‍ മരണമടഞ്ഞു, ആയിരത്തിലധികം ആളുകള്‍ക്ക് പരുക്കേറ്റു. യഥാര്‍ത്ഥത്തില്‍ ആയിരത്തിലധികം ആളുകള്‍ മരണപ്പെട്ടിട്ടുണ്ടെന്നു പറയപ്പെടുന്നു. കൂട്ടക്കൊല നടന്ന ഏപ്രില്‍ 13 ജാലിയന്‍ വാലാബാഗ് ദിനമായ ആചരിച്ചുവരുന്നു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികമാണ് ഇന്ന്.

 

Comments are closed.