DCBOOKS
Malayalam News Literature Website

മൂന്നാറിലെ അനധികൃത കെട്ടിടനിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: മൂന്നാര്‍ പഞ്ചായത്ത് മുതിരപ്പുഴയാറിന് സമീപം നടത്തുന്ന അനധികൃത കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. മൂന്നാറിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ.വൈ ഔസേപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരും ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നു.

സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ്  മൂന്നാര്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി ആവശ്യമില്ല എന്ന നിലപാടിലായിരുന്നു പഞ്ചായത്ത് അധികൃതര്‍.

അതേസമയം തോട്ട നിയമ പരിധിയില്‍ വരുന്ന ഭൂമിയില്‍ നിര്‍മാണം നടത്താന്‍ അനുമതിയില്ലെന്നുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് നിര്‍മാണം സ്‌റ്റേ ചെയ്തിരിക്കുന്നത്. ഈ വിവരം സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. തുടര്‍വാദങ്ങളില്‍ എല്ലാ വിഭാഗങ്ങളുടെയും വാദം കേട്ട ശേഷമായിരിക്കും കോടതിയുടെ അന്തിമതീരുമാനം. മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഐ.എ.എസ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

 

 

Comments are closed.