DCBOOKS
Malayalam News Literature Website

ജലനിരപ്പ് 2401.22 അടി; ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി, വിനോദ സഞ്ചാരത്തിന് നിരോധനം

പൈനാവ്: ട്രയല്‍ റണ്ണിന്റെ ഭാഗമായി ഒരു ഷട്ടര്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് ഇന്ന് ഇടുക്കി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. രാവിലെ ഏഴ് മണിയോടെ ചെറുതോണി അണക്കെട്ടിലെ രണ്ടും നാലും ഷട്ടറുകളാണ് 40 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. ഇന്നലെ ട്രയല്‍ റണ്ണിന്റെ ഭാഗമായി മൂന്നാമത്തെ ഷട്ടറാണ് ഉയര്‍ത്തിയിരുന്നത്. മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഇപ്പോള്‍ സെക്കന്റില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തതിനാല്‍ ഇന്നലെ തന്നെ കെ.എസ്.ഇ.ബി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ അണക്കെട്ടിലെ ജലനിരപ്പ് 2401.22 അടിയായി ഉയര്‍ന്നിരിക്കുകയാണ്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. 26 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1992-ലാണ് ചെറുതോണി അണക്കെട്ട് ഇതിനു മുമ്പ് തുറന്നത്

അണക്കെട്ടിന്റെ താഴെയുള്ളവരും ചെറുതോണി പുഴയുടെയും  പെരിയാറിന്റെ ഇരുകരകളിലുമുള്ളവരും അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ വിനോദ സഞ്ചാരവും, ചരക്കു വാഹനങ്ങളുടെ സഞ്ചാരവും ദുരന്ത നിവാരണനിയമം 2005 സെക്ഷന്‍ 34 പ്രകാരം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിരോധിച്ചിരിക്കുന്നുവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഡാം തുറന്നിരിക്കുന്ന പശ്ചാത്തലത്തില്‍ പുഴയില്‍ ഇറങ്ങുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Comments are closed.