DCBOOKS
Malayalam News Literature Website

വടക്കന്‍ കേരളത്തില്‍ കനത്ത മഴ; കോഴിക്കോടും വയനാട്ടിലും ഉരുള്‍പൊട്ടല്‍

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ശക്തമായി. താമരശേരിയിലും കക്കയത്തുമായി നാലിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ, പഞ്ചായത്തിനെ കരിഞ്ചോല, ചമല്‍ ഭാഗങ്ങളിലായിരുന്നു ഉരുള്‍പൊട്ടല്‍. പുല്ലൂരാംപാറയില്‍ മലവെള്ളപ്പാച്ചിലുണ്ടായെങ്കിലും ആളപായമില്ല. മഴ ശക്തമായതോടെ താമരശ്ശേരി ചുരത്തിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്.

മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടി. ഈ പ്രദേശത്തെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ചാത്തല്ലൂരില്‍ ആറ് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. മഴ ശക്തമായാല്‍ അപകടസാധ്യതയുണ്ടെന്ന് തഹസില്‍ദാര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയുടെ മലയോര മേഖലയിലും മഴ തുടരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി. ചാലക്കുടിപ്പുഴിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പി.എസ്.സി, സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. വയനാട്ടില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Comments are closed.