DCBOOKS
Malayalam News Literature Website

പുനരുദ്ധാരണം തന്നെയാണ് നവോത്ഥാനം: എം.എന്‍ കാരശ്ശേരി

പ്രശസ്ത എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ ‘ഞാന്‍ മൂന്നു ഭാഷകളില്‍ സംസാരിക്കുന്നു, രണ്ടു ഭാഷകളില്‍ എഴുതുന്നു, ഒരു ഭാഷയില്‍ സ്വപ്നം കാണുന്നു’ എന്ന പ്രശസ്തമായ വാചകത്തില്‍ നിന്നാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മലയാളഭാഷ എവിടെയെത്തി എന്ന സംവാദം ആരംഭിച്ചത്. എം.എന്‍ കാരശ്ശേരി, കെ. പി. രാമനുണ്ണി, വിജു നായരങ്ങാടി എന്നിവര്‍ സംസാരിച്ച വേദിയില്‍ ഡോ. പി. സുരേഷ് മോഡറേറ്ററായി.

ഔദ്യോഗിക ഭാഷ മലയാളമായ കേരളത്തില്‍ ഇപ്പോഴും കോടതി ഭാഷ ഇംഗ്ലീഷ് ആണെന്ന് ഓര്‍മ്മിപ്പിച്ച ഡോ.പി. സുരേഷ് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു. ജസ്റ്റിസ്. നരേന്ദ്രന്‍ കമ്മീഷനെക്കുറിച്ച പരാമര്‍ശിച്ച അദ്ദേഹം, കേരളം മലയാളത്തെ സൃഷ്ടിക്കുകയല്ല മറിച്ച് മലയാളം കേരളത്തെ സൃഷ്ടിക്കുകയാണെന്ന് കൂട്ടിച്ചേര്‍ത്തു. തന്റെ സ്വതസിദ്ധമായ നര്‍മ്മഭാഷയില്‍ ആഘോഷവേളകളില്‍ ഇംഗ്ലീഷും അപകടവേളകളില്‍ മലയാളവുമാണ് കേരളീയര്‍ ഉപയോഗിക്കാറ് എന്ന് എം.എന്‍ കാരശ്ശേരി പറഞ്ഞപ്പോള്‍ സദസ്സ് ഹര്‍ഷാരവം കൊണ്ടാണ് ഇതിനെ വരവേറ്റത്. പുനരുദ്ധാരണത്തെയാണ് നവോത്ഥാനമെന്ന് പറയുന്നതെന്നു കൂട്ടിച്ചേര്‍ത്ത അദ്ദേഹം കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുലംകുത്തി എന്നു വിളിച്ചത് തെറ്റായിപ്പോയി. എന്താണ് മതേതരത്വം എന്ന് ആരാഞ്ഞപ്പോള്‍ ഗാന്ധി അതിനെ സര്‍വ്വധര്‍മ്മസമഭാവം എന്നാണ് വിശേഷിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മറ്റേതൊരു നാട്ടുകാരനെയും അപേക്ഷിച്ച് മലയാളിക്കു എന്തും ഉള്‍ക്കൊള്ളാനുള്ള ശേഷി  ഉണ്ടെന്നു പറഞ്ഞ കെ.പി രാമനുണ്ണി ഇംഗ്ലീഷ് ഭാഷയെ സാമാജ്യത്വത്തിന്റെ ഭാഷയായി കാണുമ്പോഴാണ് അത് മറ്റൊരു തലത്തിലെത്തുന്നത് എന്നും പറഞ്ഞു. ഭരണഘടനപ്രകാരം വിദ്യാഭ്യാസം പ്രാദേശിക ഭാഷയിലാണ് വേണ്ടിയിരുന്നതെന്ന് പറഞ്ഞ അദ്ദേഹം സി.ബി.എസ്.ഇ-ഐ.സി.എസ്.സി തുടങ്ങിയ സിലബസുകളെ വിമര്‍ശിക്കുകയും ചെയ്തു.പി.എസ്.സി പരീക്ഷകളില്‍ മലയാളത്തില്‍ പരീക്ഷ എഴുതാന്‍ പറ്റാത്ത സ്ഥിതിയെ കുറിച്ച് പറഞ്ഞ അവര്‍ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തും അതിനുള്ള സംവിധാനം ഉണ്ടെന്നും പറഞ്ഞു.

മലയാള ഭാഷയുടെ അപചയത്തെ കുറിച്ച് സംസാരിച്ച കാരശ്ശേരി മാഷും കെ.പി രാമനുണ്ണിയെയും ഒരു ഭാഷയും മരിക്കില്ല എന്നു പറഞ്ഞുകൊണ്ടാണ് വിജു നായരങ്ങാടി എതിരേറ്റത്. ഭാഷ മരിക്കില്ലെന്നും മറിച്ച് ഒരാന്തരിക ശുദ്ധീകരണം നടത്തുമെന്നും പറഞ്ഞു. ഏതൊരു ഭാഷയ്ക്കും ലാവണ്യഭാവമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്ക് ഭാവമായി മാറുന്ന പ്രക്രിയയാണ് ഭാഷ എന്നുപറഞ്ഞ അദ്ദേഹം, ഭാഷ വളരുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

Comments are closed.