ഹരിത കേരളം പദ്ധതി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

manjuനവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന ഹരിതകേരളം പദ്ധതി കേരളത്തിന്റെ നഷ്ടപെട്ട കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്ന് നടി മഞ്ജു വാര്യര്‍ അഭിപ്രായപെട്ടു. തിരുവനന്തപുരം പാറശ്ശാല കൊല്ലയില്‍ നടന്ന ഹരിത കേരളം മിഷന്റെ സംസ്ഥാന തല ഉദ്ഘാടനത്തില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

ഇത് പോലൊരു വലിയ പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. വീടികളിലും മട്ടുപ്പാവുകളിലും ജൈവപച്ചക്കറി കൃഷി ആരംഭിച്ചത് കേരളം അടുത്തിടെ കണ്ട ഏറ്റവും വലിയ സാമൂഹ്യ മുന്നേറ്റങ്ങളില്‍ ഒന്നാണ്. ഇതിന് ഹരിതകേരളം പദ്ധതി കൂടുതല്‍ പിന്തുണ നല്‍കും. കേരളത്തിന് നഷടപെട്ട കാര്‍ഷിക സംസ്‌ക്കാരം പദ്ധതി തിരികെയെത്തിക്കും. ഇത് ജനകീയ പദ്ധതിയല്ല ജനങ്ങളുടെ പദ്ധതിയാണെന്നും മഞ്ജുവാര്യര്‍ പറഞ്ഞു. തന്നാല്‍ കഴിയുന്ന എല്ലാവിധ പിന്തുണയും ഹരിതകേരളം പദ്ധതിക്ക് നല്‍കുമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

കൊല്ലായില്‍ പഞ്ചായത്തിലെ കളത്തറയ്ക്കല്‍ ഏലായില്‍ വിത്തിറക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹരിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. കൃഷിയെ ഒരു സംസ്‌കാരമാക്കി വളര്‍ത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹരിത കേരളം പദ്ധതിയുടെ ബ്രാന്റ് അംബാസിഡര്‍ യേശുദാസ് ,ചലച്ചിത്ര താരം മഞ്ജുവാര്യര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പരിപാടിയില്‍ വച്ച് അടുത്ത വര്‍ഷം അഞ്ച് ഏക്കര്‍ നെല്‍കൃഷി ചെയ്യുമെന്ന് പുതിയ കര്‍ഷകര്‍ മുഖ്യമന്ത്രിയ്ക്ക് സമ്മതപത്രം കൈമാറി. നവകേരള മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയുടെ പരിപാടികള്‍ സംസ്ഥാനത്തിന്റെ വാര്‍ഡ് തലം മുതല്‍ സംഘടിപ്പിച്ചിരുന്നു. ജലസംരക്ഷണത്തിന്റെ ഭാഗമായി കുളം വൃത്തിയാക്കലിനും മുഖ്യമന്ത്രി നേതൃത്വം വഹിച്ചു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പ്രഭാവര്‍മ രചിച്ച ഹരിത കേരളം ഗാനം യേശുദാസ് ആലപിച്ചു.

Categories: GENERAL

Related Articles