ഗൈനക്കോളജി: സംശയങ്ങള്‍ക്ക് മറുപടിയുമായി ഒരു പുസ്തകം

gynecology

ഗര്‍ഭധാരണം തടയുന്ന മരുന്നുകള്‍ ഭാവിയില്‍ ദോഷകരമായി ബാധിക്കുമോ? മാസമുറ കൃത്യമല്ലാത്തതും വയറുവേദനയും ഗര്‍ഭധാരണത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുമോ? ചില കുട്ടികള്‍ക്ക് 18 വയസ്സായാലും മാസമുറ തുടങ്ങാത്തത് എന്തുകൊണ്ട്? ഗര്‍ഭധാരണ സമയത്ത് വയറിലുണ്ടാകുന്ന പാടുകള്‍ ഇല്ലാതാക്കാന്‍ കഴിയുമോ? എത്ര വയസ്സിലാണ് മെനോപ്പസ് ഉണ്ടാകുന്നത്?

കൗമാരം മുതല്‍ ഓരോ പെണ്‍കുട്ടിയും അഭിമുഖീകരിക്കുന്ന ഒരുപാട് സംശയങ്ങളുണ്ട്. അവയില്‍ പലതും പരിഹരിക്കാന്‍ ഒരു ഡോക്ടറുടെ സഹായം ആവശ്യമാണെങ്കിലും ബഹുഭൂരിപക്ഷം ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം അനുഭവസ്ഥരുടെയോ മികച്ച പുസ്തകങ്ങളുടെയോ സഹായത്തോടെ കണ്ടെത്താവുന്നതാണ്. ഇക്കാര്യത്തില്‍ സ്ത്രീകളെ സഹായിക്കുന്നതും അവര്‍ക്ക് വഴികാട്ടിയാകുന്നതുമായ ഒന്നാണ് ഡി സി ബുക്‌സ് ഇപ്പോള്‍ പ്രസിദ്ധീകരിച്ച ഗൈനക്കോളജി: 101 ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പുസ്തകം.

ഒരു പെണ്‍കുട്ടിയുടെ കൗമാരകാലം മുതല്‍ ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, മാതൃത്വം, ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍, ആര്‍ത്തവ വിരാമം എന്നിങ്ങനെ ജീീവിതചക്രത്തില്‍ ഒരു സ്ത്രീ അഭിമുഖീകരിക്കേണ്ട ഓരോ ഘട്ടങ്ങളെയും കുറിച്ച് സമഗ്രമായി പ്രതിപാദിച്ചിരിക്കുന്ന കൃതിയാണ് ഗൈനക്കോളജി: 101 ചോദ്യങ്ങളും ഉത്തരങ്ങളും. തന്റെ ശരീരത്തെക്കുറിച്ചറിയാന്‍ ഓരോ പെണ്‍കുട്ടിയും വായിക്കുകയും വീട്ടില്‍ കരുതുകയും ചെയ്യേണ്ട പുസ്തകമാണിത്. 55 വര്‍ഷമായി കേരളത്തിലെ വൈദ്യശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡോ. എം.സുഭദ്രാ നായരാണ് ഗൈനക്കോളജി: 101 ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

ലളിതമായ ഭാഷയില്‍ 16 അധ്യായങ്ങളിലൂടെ ഒരമ്മയെപ്പോലെയാണ് സുഭദ്രാ നായര്‍ പെണ്‍കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. സ്ത്രീകളുടെ ആരോഗ്യസുരക്ഷാമേഖലയില്‍ നിരവധി നൂതന സംവിധാനങ്ങള്‍ കൊണ്ടുവന്നിട്ടുള്ള ഡോക്ടറുടെ പരിചയം ഈ പുസ്തകത്തില്‍ തെളിഞ്ഞുകാണാം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്ത്രീരോഗ വിഭാഗം വകുപ്പുമേധാവിയായി വിരമിച്ചതിനുശേഷം തിരുവനന്തപുരം കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റലില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായി സേവനം അനുഷ്ഠിക്കുകയാണ് ഡോ. എം.സുഭദ്രാ നായര്‍. വൈദ്യശാസ്ത്ര രംഗത്തെ നിസ്തുലസേവനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള അവര്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ച രാജ്യത്തെ ആദ്യ ഗൈനക്കോളജിസ്റ്റാണ്.

 

Categories: Editors' Picks, LITERATURE