‘ആമി’ക്കുവേണ്ടി ഓസ്‌കാര്‍ ജേതാവ് ഗുല്‍സാര്‍ പാട്ടെഴുതും

aami

കമല്‍ സംവിധാനം ചെയ്യുന്ന കമല സുരയ്യയുടെ ജീവചരിത്രസിനിമ ‘ആമി’ക്കുവേണ്ടി ഓസ്‌കാര്‍ അവാര്‍ഡ് ജേതാവും ബോളിവുഡിലെ വിഖ്യാത ഗാനരചയിതാവുമായ ഗുല്‍സാര്‍ പാട്ടെഴുതുന്നു. ചിത്രത്തിലെ രണ്ടു പാട്ടുകള്‍ക്കാണ് അദ്ദേഹം രചന നിര്‍വഹിക്കുന്നത്. ഇതാദ്യമായാണ് ഗുല്‍സാര്‍ ഒരു മലയാള ചിത്രത്തിനുവേണ്ടി ഗാനരചനനടത്തുന്നത്.

കമലയുടെ കൊല്‍ക്കത്തയിലെ ജീവിതം സിനിമയില്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഈ ഗാനങ്ങള്‍. ഇവ ഹിന്ദിയിലായിരിക്കും. പ്രശസ്ത വാദ്യവിദഗ്ധനും ഉസ്താദ് സക്കീര്‍ ഹുസൈന്റെ സഹോദരനുമായ തൌഫിഖ് ഖുറേഷി രണ്ടു പാട്ടുകളുടെയും സംഗീതസംവിധാനം നിര്‍വഹിക്കും. രണ്ടും ഭാവഗീതങ്ങളാണെന്നും അതിലൊന്ന് ജാവേദ് അലി പാടുമെന്നുമാണ് റിപ്പോര്‍ട്ട്.

മലയാളത്തിന്റെ ലേഡിസൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യരാണ് ആമിയായി വേഷമിടുന്നത്. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങളും ചിത്രത്തിലുണ്ട്. ഈ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് എം ജയചന്ദ്രനാണ്.

Categories: MUSIC