ആയുര്‍വേദവും നാട്ടറിവുകളും സംരക്ഷിക്കാന്‍ നിയമ ഭേദഗതി
On 6 Dec, 2012 At 09:08 AM | Categorized As Health

Naattarivukalഭാരതത്തിന്റെ രക്തത്തില്‍ അലിഞ്ഞുകിടക്കുന്ന നാട്ടറിവുകളും വൈവിധ്യമാര്‍ന്ന നമ്മുടെ സസ്യ ജൈവ സമ്പത്തും മഹത്തായ ആയുര്‍വേദവും ഇനി കടല്‍ കടക്കില്ല. നമ്മെ നാമാക്കിയ പൈതൃകങ്ങളുടെ ഭാഗമായ ഇവയെല്ലാം അന്യാധീനപ്പെട്ടു പോകാതെ സംരക്ഷിക്കാന്‍ പേറ്റന്റ് നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഭാരതീയ പൈതൃകത്തെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസം സമ്മാനിക്കുകയാണ്.
ഇന്ത്യയുടെ പാരമ്പര്യ വൈദ്യത്തില്‍ ഉപയോഗിച്ചു വന്നിരുന്ന പല അപൂര്‍വ മരുന്നുകളും പേറ്റന്റ് നിയമത്തിന്റെ പഴുതുകള്‍ ഉപയോഗപ്പെടുത്തി, വര്‍ഷങ്ങളായി ചില വിദേശ രാജ്യങ്ങളും കുത്തക മരുന്നു കമ്പനികളും തട്ടിയെടുക്കുകയായിരുന്നു. മഞ്ഞള്‍, ആര്യവേപ്പ് തുടങ്ങിയ സസ്യങ്ങള്‍ ഉപയോഗിച്ചുള്ള മരുന്നുകളുടെ പേറ്റന്റ് വിദേശ രാജ്യങ്ങള്‍ നേടിയെടുത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചു. പേറ്റന്റ് നിയമത്തില്‍ വേണ്ട ഭേദഗതികള്‍ വരുത്തണമെന്ന ആവശ്യം രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു വന്നു. തങ്ങളുടെ നാട്ടറിവുകളും ജൈവ സമ്പത്തും പേറ്റന്റ് നിയമത്തില്‍ നിന്ന് സംരക്ഷിക്കാന്‍ കര്‍ശന നടപടികള്‍ നടപ്പാക്കിയ രാജ്യങ്ങള്‍ പോലും ഭാരതീയ പൈതൃകത്തെ സ്വന്തമാക്കാന്‍ മത്സരിക്കുകയായിരുന്നു ഇതുവരെ. പുതിയ നിയമഭേദഗതി അത്തരക്കാരുടെ മുഖത്തേറ്റ അടിയായി മാറുന്നു.
നാട്ടറിവുകളുടെയും ആയുര്‍വേദ സസ്യ സമ്പത്തുകളുടെയും അവകാശം സംരക്ഷിക്കുന്നതിനായി ആറു വ്യവസ്ഥകളാണ് നിയമത്തില്‍ ചേര്‍ത്തിരിക്കുന്നത്. ഇതു നടപ്പിലാകുമ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഔഷധങ്ങളോ അവയുടെ ചേരുവകളോ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന മരുന്നുകള്‍ക്കൊന്നും പേറ്റന്റ് ലഭിക്കാതെ വരും. നിയമം കര്‍ശനമായി നടപ്പാക്കാന്‍ ആയുര്‍വേദ മരുന്നുകളുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന പേറ്റന്റ് അപേക്ഷകള്‍ക്ക് ദേശീയ ജൈവ വൈവിധ്യ അതോറിറ്റിയുടെ അനുമതിയും നിര്‍ബന്ധമാക്കി. ഭാരതീയ പൈതൃകത്തില്‍ ഉള്‍പ്പെട്ട ചേരുവകളാണോ മരുന്നിലേതെന്ന് പരിശോധിച്ച ശേഷം മാത്രമേ ഈ അനുമതി നല്‍കൂ.
ഓരോ സംസ്ഥാനത്തെയും നാട്ടറിവുകളും ഔഷധ സസ്യ ജൈവ സമ്പത്തും കണ്ടെത്തി ആയുര്‍വേദ മന്ത്രാലയം സജ്ജമാക്കിയ ട്രഡീഷണല്‍ നോളേജ് ഡിജിറ്റല്‍ ലൈബ്രറിയുടെ സഹായത്തോടെയാണ് പേറ്റന്റ് അപേക്ഷകളില്‍ തീരുമാനമെടുക്കുക.
ഒരു പ്രത്യേക അസുഖത്തിന്റെ ചികിത്സയ്ക്കു വേണ്ടി പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന മരുന്ന് മറ്റൊരു അസുഖത്തിനുള്ള മരുന്നിന്റെ ഔഷധച്ചേരുവയില്‍ ഉള്‍പ്പെടുത്തി പേറ്റന്റ് അനുമതിക്കു സമര്‍പ്പിക്കുന്ന തന്ത്രവും ഇനി നടക്കില്ല. ഏതെങ്കിലും അസുഖ ചികിത്സയ്ക്കായി ഉപയോഗിക്കാമെന്ന് നാട്ടറിവുള്ള ഒരു മരുന്നും മറ്റൊരസുഖത്തിന് മരുന്നായി പേറ്റന്റ് നല്‍കില്ല. ഔഷധ സസ്യങ്ങളുടെ സത്തോ മറ്റ് അസംസ്‌കൃത വസ്തുക്കളോ ഉപയോഗിച്ച് തയാറാക്കുന്ന മരുന്നുകള്‍ക്കും പേറ്റന്റ് നല്‍കില്ല.
സമഗ്രമായ നിയമ ഭേദഗതികളിലൂടെ പൈതൃക സ്‌നേഹികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. നിയമം കര്‍ശനമായി പാലിക്കപ്പെട്ടാല്‍, ആയുര്‍വേദത്തിനു ലോകമെമ്പാടും പ്രചാരമേറുന്ന ഈ അവസരത്തില്‍ ഈ മേഖലയില്‍ ഇനി വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ ഇന്ത്യയ്ക്ക് സാധിക്കും.

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>3 + = 11