DCBOOKS
Malayalam News Literature Website

ലോകസാഹിത്യത്തിലെ ബെസ്റ്റ് സെല്ലര്‍ ഇതാദ്യമായി മലയാളത്തില്‍

പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ മാരിയോ പൂസോയുടെ ലോകപ്രശസ്തമായ കൃതി ഗോഡ് ഫാദറിന്റെ മലയാളം വിവര്‍ത്തനം ഇതാദ്യമായി ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. നാല്‍പത് വര്‍ഷത്തോളമായി ലോകസാഹിത്യത്തില്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന ഗോഡ് ഫാദര്‍ ജോണ്‍ പുല്ലാട്ടാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

ഒരു സാങ്കല്പിക മാഫിയ സംഘമായ കോര്‍ലിയോണ്‍ കുടുംബത്തിന്റെ കഥയാണ് ഈ നോവലില്‍ വിവരിക്കുന്നത്. ഒരേസമയം ഏകാധിപതിയും നിഷ്ഠുരനും കൊലയാളിയും കുടുംബസ്‌നേഹിയും പരോപകാരിയുമായിരുന്നു ഡോണ്‍ കോര്‍ലിയോണിയെ അമേരിക്ക മുഴുവന്‍ പടര്‍ന്നു കിടക്കുന്ന ഇറ്റാലിയന്‍ മാഫിയയിലെ ഏറ്റവും അപകടകാരിയായ ഗോഡ് ഫാദര്‍ എന്നായിരുന്നു വിശേഷിപ്പിച്ചത്.

ആദ്യം പല പ്രസാധകരും നിരസിച്ചെങ്കിലും 1969-ല്‍ ജി.ബി പുട്‌നം എന്ന പ്രസാധകരാണ് ദി ഗോഡ് ഫാദര്‍ പുറത്തിറക്കിയത്. ചില മാഗസിനുകളില്‍ പത്രപ്രവര്‍ത്തകനായി ജോലി നോക്കവേ മാരിയോ പൂസോയ്ക്ക് അധോലോകസംഘങ്ങളെ കുറിച്ച് ലഭിച്ച ചില വിവരങ്ങളില്‍ നിന്നാണ് ഈ നോവലിന്റെ കഥാതന്തു വികസിക്കുന്നത്.

ചോര മണക്കുന്ന വഴികളിലൂടെ കടന്നുപോകുന്ന മാഫിയ കുടുംബങ്ങളുടെ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും കഥ പറയുന്ന ഈ നോവല്‍ വെള്ളിത്തിരയിലെത്തിയപ്പോള്‍ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സിലും ചിരപ്രതിഷ്ഠ നേടി. 1972-ലാണ് ഈ നോവല്‍ ചലച്ചിത്രമായി പുനരാവിഷ്‌ക്കരിച്ചത്. ആ വര്‍ഷം മൂന്ന് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയാണ് ഗോഡ് ഫാദര്‍ സിനിമാചരിത്രത്തില്‍ ഇടം പിടിച്ചത്. കൂടാതെ അഞ്ച് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും ഒരു ഗ്രാമി അവാര്‍ഡും ഈ ചിത്രം നേടി.

Comments are closed.