DCBOOKS
Malayalam News Literature Website

വിവേക് ശാന്‍ഭാഗിന്റെ കന്നട നോവല്‍ മലയാളത്തില്‍

ഉത്തരാധുനിക കന്നഡ സാഹിത്യകാരനും കഥാകൃത്തുക്കളില്‍ പ്രമുഖനുമായ വിവേക് ശാന്‍ഭാഗിന്റെ ലഘുനോവലാണ് ഘാചര്‍ ഘോചര്‍. സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ കൃതിയുടെ മലയാള പരിഭാഷ പുറത്തിറങ്ങി. സുധാകരന്‍ രാമന്തളിയാണ് വിവര്‍ത്തകന്‍.

ആഗോളവത്കൃതകാലത്ത് ബെംഗളുരു നഗരത്തിലെ ഒരു ഇടത്തരം കുടുംബം കടന്നുപോകുന്ന ജീവിതമാറ്റങ്ങളും അനുഭവിക്കുന്ന സംഘര്‍ഷങ്ങളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. മാത്രമല്ല നര്‍മ്മത്തിന്റെ നേര്‍ത്ത നിറം ചാലിച്ച് നമ്മുടെ ദൈനംദിന ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരുന്ന അപചയം വിവേക് തുറന്നുകാട്ടുന്നുണ്ട്. സമ്പത്തിന്റെ പ്രഭാവത്തിനുമുന്നില്‍ മൂല്യങ്ങള്‍ നിഷ്ഫലമാകുകയും ഇതിന്‍ഫലമായി ഉളവാകുന്ന അപകടകരമായ സാമൂഹിക പശ്ചാത്തലത്തില്‍ പ്രതികരണശേഷിയറ്റ യൗവനം യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഓടിയൊളിക്കുവാന്‍, ആശ്വാസത്തിന്റെ തുരത്തുകളന്വേഷിക്കുകയും ചെയ്യുന്ന സമകാലികാവസ്ഥയും ഈ കൃതിയില്‍ കടന്നുവരുന്നു.

ശ്രീനാഥ് പേരൂര്‍ ഈ കൃതി ഇംഗ്ലിഷിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പെന്‍ഗ്വിന്‍ യുഎസ്എ അതു പ്രസിദ്ധീകരിക്കുകയും ചെയ്തു.അതോടെ അമേരിക്കന്‍ പ്രസാധകര്‍ പുറത്തിറക്കുന്ന ആദ്യ കന്നടകൃതി എന്ന ഖ്യാതിയും ഘാചര്‍ ഘോചര്‍ നേടി.

Comments are closed.