DCBOOKS
Malayalam News Literature Website

ഇന്റര്‍നെറ്റിലെ പ്രളയം

ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വിദഗ്ദ്ധരുടെ പ്രളയമാണ്. മനുഷ്യക്കടത്ത് മുതല്‍ കിണര്‍ വൃത്തിയാക്കുന്നത് വരെയുള്ള കാര്യങ്ങളില്‍ യാതൊരു പ്രായോഗികജ്ഞാനവും ഇല്ലാത്തവര്‍ ഇന്റര്‍നെറ്റ് പരതി കിട്ടുന്ന വിവരങ്ങള്‍ എഴുതി വിടുന്നു. അവ പരോപകാരകിംവദന്തിയായി എല്ലാവരും പങ്കുവക്കുന്നു. മനുഷ്യക്കടത്തിനെക്കുറിച്ച് വലിയൊരു ലേഖനം കണ്ടു. അനവധി ആളുകള്‍ അത് ഷെയര്‍ ചെയ്യുന്നു. ഇതെഴുതിയ ആള്‍ എന്തൊക്കെ ദുരന്തങ്ങളില്‍, വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട് എന്നെനിക്കറിയില്ല. പക്ഷെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ എല്ലാ വന്‍ ദുരന്തങ്ങളിലും നേരിട്ട് ഇടപെട്ട പരിചയത്തില്‍ കുറച്ചു കാര്യങ്ങള്‍ പറയാം…

1. മനുഷ്യക്കടത്ത് ലോകത്ത് ഒരു പ്രശ്‌നമാണ്. ദുരന്തകാലത്തും യുദ്ധകാലത്തും മാത്രമല്ല, നേപ്പാ ളിലൊക്കെ സാധാരണ കാലത്തും ഇത് പ്രശ്‌നമാണ്.

2. യുദ്ധരംഗത്തും പ്രകൃതി ദുരന്തങ്ങളിലും അച്ഛനമ്മമാരും കുട്ടികളും പരസ്പരം വേര്‍പെട്ടു പോകുന്ന സാഹചര്യത്തിലാണ് ഇത് കൂടുതല്‍ സംഭവിക്കുന്നത്.

3. ദുരിതാശ്വാസ ക്യാംപുകളില്‍ വന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകുക എന്നതല്ല മനുഷ്യക്കടത്തിന്റ രീതി.

4. കേരളത്തിലെ ഇപ്പോഴത്തെ ക്യാമ്പുകളില്‍ കുട്ടികളെ അടിച്ചുമാറ്റാന്‍ ആഗോളസംഘങ്ങള്‍ എത്തും എന്ന തരത്തിലുള്ള കിംവദന്തികള്‍ തെറ്റാണ്, അനാവശ്യമാണ്, അനവസരത്തില്‍ ഉള്ളതാണ്.

5. ഇന്റര്‍നെറ്റ് ഗവേഷണം ചെയ്തുണ്ടാക്കിയ ഈ ലേഖനം മനഃപൂര്‍വ്വമല്ലെങ്കിലും നിരുപദ്രവമല്ല. വാട്ട്‌സ്ആപ്പ് കിംവദന്തികളുടെ പശ്ചാത്തലത്തില്‍ ആളുകളെ തല്ലിക്കൊല്ലുന്നത് ഇപ്പോള്‍ ഇന്ത്യയില്‍ അപൂര്‍വമല്ല. ആളുകള്‍ ടെന്‍ഷനില്‍ ഇരിക്കുന്ന ഈ സാഹചര്യത്തില്‍ ഏതെങ്കിലും സാധുവിനെ അടിച്ചു കൊല്ലുന്നതിലേക്കാണ് ഇത്തരം ‘ഗവേഷണ’ ഫലങ്ങള്‍ നയിക്കുന്നത്.

ഇതുപോലെ തന്നെയുള്ള വേറൊന്ന് വെള്ളത്തില്‍ ഒരു രാസവസ്തു വിതറി അതിനെ ഖരരൂപത്തിലാക്കി വാരിക്കളയുന്നതാണ്. ഏറ്റവും അനാവശ്യമായ കാര്യമാണ്. മൊത്തത്തില്‍ കിടക്കുന്ന വെള്ളത്തെ പുറത്തു കളയാനുള്ള രീതിയല്ല ഇത്. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടായിരിക്കുന്ന ഒരു സ്ഥിതിയാണിപ്പോള്‍ ഇന്റര്‍നെറ്റില്‍. അതേ സമയം ഓരോ വിഷയത്തില്‍ നല്ല അറിവുള്ളവര്‍ അനവധി ഉണ്ട്. അതുകൊണ്ട് മൂന്നു അപേക്ഷയുണ്ട്.

1. അറിവുള്ളവര്‍ ആ വിഷയത്തെക്കുറിച്ച് എഴുതണം. എഴുതുമ്പോള്‍ നിങ്ങളുടെ ആ വിഷയത്തിലെ പരിചയം എന്താണെന്നും.

2. തലയും വാലുമില്ലാതെ, ആരാണ് എഴുതുന്നത്, അവരുടെ വിഷയത്തിലെ പരിചയം എന്താണ് എന്നൊക്കെ അറിയാതെ ഒരു പോസ്റ്റും ഷെയര്‍ ചെയ്യരുത്.

3. തെറ്റായ പോസ്റ്റുകള്‍ എഴുതുന്നത് കണ്ടാല്‍ വിവരമുള്ളവര്‍ നോക്കിയിരിക്കരുത്. നിങ്ങള്‍ ഇരിക്കേണ്ടിടത്ത് ഇരിക്കാത്തതു കൊണ്ടാണ് അവിടെ ഇത്തരക്കാര്‍ വന്നിരിക്കുന്നത്. അവരെ തുറന്നുകാട്ടണം.

(മുരളി തുമ്മാരുകുടി രചിച്ച പെരുമഴ പകര്‍ന്ന പാഠങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Comments are closed.