സാഹിത്യകാരന്‍ കെ തായാട്ടിന്റെ ജന്മവാര്‍ഷിക ദിനം

Feb 17

സാഹിത്യകാരന്‍, നാടകനടന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു തായാട്ട് കുഞ്ഞനന്തന്‍ എന്ന കെ.തായാട്ട്. ഒരു സ്‌കൂള്‍ അധ്യാപകന്‍ കൂടിയായിരുന്ന ഇദ്ദേഹത്തിന് സാഹിത്യമേഖലയിലെ വിവിധ പുരസ്‌കാരങ്ങള്‍ക്ക് പുറമേ മികച്ച അധ്യാപകര്‍ക്കുള്ള കേന്ദ്രസംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

1927 ഫെബ്രുവരി 17ന് പാനൂരിനടുത്ത പന്ന്യന്നൂരില്‍ ചാത്തു നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു. പ്രമുഖ എഴുത്തുകാരനായിരുന്ന തായാട്ട് ശങ്കരന്‍, സാമൂഹ്യപ്രവര്‍ത്തകനായിരുന്ന തായാട്ട് ബാലന്‍എന്നിവര്‍ സഹോദരന്മാരാണ്.കുന്നുമ്മല്‍ ഹയര്‍ എലിമെന്ററി സ്‌കൂള്‍, ബി.ഇ.എം.പി. ഹൈസ്‌കൂള്‍, ഗവ. ഹൈസ്‌കൂള്‍ കതിരൂര്‍, ഗവ. ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.അധ്യാപക ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ടാക്കീസിലെ ടിക്കറ്റ് വില്പനക്കാരനായും സബ് രജിസ്ട്രാര്‍ ഓഫീസ് ഗുമസ്തനായും മിലിട്ടറി ക്യാമ്പില്‍ നോണ്‍ ഓപ്പറേറ്ററായും മദിരാശി ജനറല്‍ ആസ്പത്രിയില്‍ ഗുമസ്തനായും ചുരുങ്ങിയകാലം ജോലി ചെയ്തു. കോഴിക്കോട് റേഡിയോ സ്‌റ്റേഷനിലും ജോലി ചെയ്തിട്ടുണ്ട്.കോഴിക്കോട് പുതിയറയിലെ പുന്നശ്ശേരി യു.പി. സ്‌കൂള്‍, ചൊക്ലി ലക്ഷ്മീവിലാസം എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളിലെ ഏതാനും മാസങ്ങളുടെ അധ്യാപകവൃത്തിക്ക് ശേഷം 1952ല്‍ പാനൂര്‍ യു.പി. സ്‌കൂളിലെത്തിയ അദ്ദേഹം ഇതേ സ്‌കൂളില്‍ പ്രധാനാധ്യാപകനായിരിക്കേ 1982ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. 2011 ഡിസംബര്‍ 5 ന് അന്തരിച്ചു.
കഥ,കവിത, നാടകം, ബാലസാഹിത്യം, പുനരാഖ്യാനം എന്നീ മേഖലകളില്‍ 42 ഗ്രന്ഥങ്ങള്‍ രചിച്ചു. 1951ല്‍ പ്രസിദ്ധീകരിച്ച പുത്തന്‍കനി ആണ് ആദ്യ കഥാസമാഹാരം. 1953ലാണ് ആദ്യ കവിതാസമാഹാരമായ പാല്‍പ്പതകള്‍ പ്രസിദ്ധീകരിച്ചത്. ഭാരതത്തിന്റെ മോചനത്തിനുവേണ്ടി ജീവന്‍ ബലി കഴിച്ച നിരവധി സ്വാതന്ത്ര്യസമരഭടന്മാരുടെ ആവേശോജ്ജ്വലമായ ചരിത്രമാണ് നാം ചങ്ങല പൊട്ടിച്ച കഥ. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കിയ സ്വാതന്ത്ര്യസമര ചരിത്രം കുട്ടികള്‍ക്ക് എന്ന ഗ്രന്ഥത്തിന്റെ രചനയില്‍ മുഖ്യ പങ്കുവഹിച്ചു. മികച്ച പ്രഭാഷകന്‍ കൂടിയായിരുന്നു തായാട്ട്. ദ ഗാര്‍ഡന്‍ എന്ന കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു.

Categories: TODAY