DCBOOKS
Malayalam News Literature Website

സരോജിനി നായിഡുവിന്റെ ജന്മവാര്‍ഷികദിനം

ഇന്ത്യയുടെ വാനമ്പാടി എന്ന പേരില്‍ പ്രസിദ്ധനായ ഇന്ത്യന്‍ കവിയിത്രിയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയുമായ സരോജിനി നായിഡു 1879 ഫെബ്രുവരി 13ന് ഹൈദരാബാദില്‍ ജനിച്ചു. മദ്രാസ്, ലണ്ടന്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തിയ സരോജിനി പഠനകാലത്ത് കവിതാരചനയില്‍ മികവ് പ്രകടിപ്പിച്ചിരുന്നു.

ഗാന്ധിജി, ഗോഖലെ എന്നിവരുടെ സ്വാധീനംമൂലം ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടയായ നായിഡു ജീവിതാന്ത്യം വരെ പൊതുരംഗത്ത് സജീവമായിരുന്നു. റൗലത്ത് ആക്റ്റില്‍ പ്രതിഷേധിച്ച് ഗാന്ധിജിക്കൊപ്പം അണിനിരന്ന സരോജിനി നായിഡു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നിസ്സഹകരണപ്രസ്ഥാനം, നിയമനിഷേധ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ സമരം എന്നിവയില്‍ നിര്‍ണായക പങ്കു വഹിക്കുകയുണ്ടായി. 1924ല്‍ കാണ്‍പൂരില്‍ കൂടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനം സരോജിനി നായിഡുവിന് അധ്യക്ഷ പദവി നല്കി ബഹുമാനിച്ചു.

സ്വാതന്ത്ര്യ ലബ്ധിയെത്തുടര്‍ന്ന് യുപി സംസ്ഥാനത്തിന്റെ ഗവര്‍ണറായി നായിഡു നിയമിക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാഗവര്‍ണറായിരുന്നു ഇവര്‍. 1905ല്‍ ആദ്യ കവിതാ സമാഹാരമായ ദി ഗോള്‍ഡന്‍ ത്രെഷോള്‍ഡ് പ്രസിദ്ധപ്പെടുത്തി. ബേഡ് ഒഫ് ദ് ടൈം, ഒടിഞ്ഞചിറക്, പുലരിയുടെ തൂവലുകള്‍ എന്നിവയാണ് പ്രസിദ്ധ കവിതാസമാഹാരങ്ങള്‍. 1949 മാര്‍ച്ച് 2ന് സരോജിനി നായിഡു അന്തരിച്ചു.

 

Comments are closed.