DCBOOKS
Malayalam News Literature Website

ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമനടപടി; ഫെയ്‌സ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്

സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് അനഭിലഷണീയമായ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഫെയ്‌സ്ബുക്ക് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും പ്രസാദ് ആവശ്യപ്പെട്ടു. എന്നാല്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ സ്വതന്ത്രമായ ആശയപ്രചാരണം നടത്തുന്നതിനെ പിന്തുണയ്ക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി പ്രചാരണം നടത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി അഞ്ച് കോടി ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.കവര്‍ന്നെടുത്ത ഡാറ്റ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ കൃത്രിമത്വത്തിലൂടെ വിജയിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിക്കുമോ എന്ന് രവിശങ്കര്‍ പ്രസാദ് ആരാഞ്ഞു. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് മന്ത്രി ആരോപിച്ചു.

ഫെയ്‌സ്ബുക്കില്‍ നിന്ന് വ്യക്തികള്‍ അറിയാതെ അവരുടെ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ സോഷ്യല്‍ മീഡിയ പ്രചാരണം നയിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ഡാറ്റ ഏജന്‍സിയുമായി രാഹുല്‍ ഗാന്ധിക്കുള്ള ബന്ധം വ്യക്തമാക്കണമെന്ന് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണ്. സംഭവത്തില്‍ പാര്‍ലമെന്ററി സമതിക്ക് മുന്‍പാകെ ഹാജരായി തെളിവ് വിശദീകരണം നല്‍കാന്‍ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് ബ്രിട്ടന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് കോണ്‍ഗ്രസിന് മുന്‍പാകെ ഹാജരാകാന്‍ ഡെമോക്രാറ്റിക് സെനറ്റര്‍ എയ്മി ക്ലോബുചര്‍, റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കെന്നഡി എന്നിവരും നിര്‍ദേശിച്ചിട്ടുണ്ട്.

Comments are closed.