ബെല്‍ട്ടിന് നീളം കൂടുന്തോറും ആയുസ്സിന്റെ നീളം കുറയുന്നു എന്ന് ഇംഗ്ലിഷില്‍ ഒരു ചൊല്ലുണ്ട്. വണ്ണം കൂടിയിട്ട് കുറയ്ക്കാന്‍ നോക്കുന്നതിനേക്കാള്‍ അതുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ് ഉത്തമം. ഓര്‍ക്കാപ്പുറത്താണ് ശരീരത്തില്‍ കൊഴുപ്പ് വന്നടിയുന്നത്. അത് പെട്ടെന്നൊന്നുമായിരിക്കില്ല. വണ്ണംവച്ചു കഴിഞ്ഞാല്‍ അതിനെ പെട്ടെന്നൊന്നും ഇല്ലായ്മചെയ്യാനും കഴിയില്ല. അതുകൊണ്ട് മുപ്പതുവയസ്സ് കഴിഞ്ഞാല്‍ ഇതില്‍ ശ്രദ്ധ വേണം.
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഡോ. റാല്‍ഫ് എസ്. 16,936 ആളുകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഒരു കാര്യം വ്യക്തമായി. വ്യായാമം ചെയ്യുന്നവരില്‍ മരണനിരക്ക് മൂന്നിലൊന്നായി കുറയുന്നു. വ്യായാമമൊന്നുമില്ലാതെ ഇരുന്ന് ജോലിചെയ്യുന്നവരുടെ മരണസംഖ്യ ഇരട്ടിയിലധികമാണെന്നും തെളിഞ്ഞിട്ടുണ്ട്. നമ്മുടെ ശരീരത്തിന് യന്ത്രങ്ങളുടെ കണക്ക് തേയ്മാനം സംഭവിക്കുന്നില്ല. ഉപയോഗിക്കുക, അല്ലെങ്കില്‍ നഷ്ടപ്പെടുക. ഇതാണു സത്യം.35 കഴിഞ്ഞാല്‍ ജൈവപ്രവര്‍ത്തനങ്ങളില്‍ ഒരു ശതമാനം കുറവുണ്ടാകുന്നതായി സൂചിപ്പിച്ചിട്ടുണ്ടല്ലോ. പക്ഷേ, ശരിയായി വ്യായാമം ചെയ്താല്‍ ഇത്തരത്തില്‍ പ്രായമാകുന്നതിനെ തടയാനാകും. പ്രായമാകുന്നവരും കുട്ടിക്കാലത്തെപ്പോലെ വ്യായാമം സ്ഥിരമായി ചെയ്താല്‍ ചെറുപ്പക്കാരുടേതുപോലെ ശരീരാവയവങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും.
വ്യായാമത്തിന്റെ ഗുണങ്ങള്‍
- വ്യായാമം ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കും.
- പ്രാണവായു അടങ്ങിയ രക്തം കൂടുതലായി കോശങ്ങളിലെത്തും.
- ഹൃദയമിടിപ്പ് ഒന്നര ഇരട്ടിയില്‍ കൂടുതലായിട്ട് അരമണിക്കൂറോളം ആ നില നിര്‍ത്തിയാല്‍ നിങ്ങള്‍ ഫിറ്റ് ആണെന്ന് മുമ്പേ സൂചിപ്പിച്ചതാണല്ലോ. ഇതിന് സ്ഥിരമായി വ്യായാമത്തിലേര്‍പ്പെടേണ്ടിവരും.
- വ്യായാമം രക്തസമര്‍ദ്ദം കുറയ്ക്കും. വ്യായാമം ചെയ്യുമ്പോള്‍ രക്തത്തിന്റെ അളവു കുറയുന്നുണ്ട്. (വെള്ളം വിയര്‍പ്പായി പോകുന്നതുകൊണ്ട്) അത് ഹൃദയത്തിന്റെ ആയാസം കുറയ്ക്കുന്നു.
- വ്യായാമത്തിനുശേഷം നല്ലപോലെ ഉറങ്ങാന്‍ കഴിയും; ഇത് ആയുസ്സിനെ കൂട്ടുന്നു.
- വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മസിലുകള്‍ പഞ്ചസാരയെ ധാരാളം ഉപയോഗിക്കുന്നുണ്ടെന്ന് ഓര്‍മ്മിക്കുക.
- സന്ധികളെ മയപ്പെടുത്തുന്നു. മാംസപേശികളെ കൂടുതല്‍ അയവുള്ളവയാക്കുന്നു.
- വ്യായാമം എല്ലുകളുടെ ഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാണ്. എല്ലുകള്‍ക്ക് വാര്‍ദ്ധക്യത്തിലുണ്ടാകുന്ന ക്ഷതങ്ങള്‍ അകറ്റാനും ഇത് സഹായിക്കും.
- മസില്‍-കൊഴുപ്പ് അനുപാതം ആരോഗ്യകരമായി നിലനിര്‍ത്താന്‍ വ്യായാമത്തിന് കഴിയും. യുവാക്കളില്‍ മസിലിന്റെ അളവ് മൊത്തം കൊഴുപ്പിനേക്കാള്‍ അധികമാണ്. പ്രായമാകുമ്പോള്‍ മറിച്ചും. ഇത് ജൈവപ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കും. വ്യായാമം മസിലുകളെ രൂപപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്യും.
- വ്യായാമം ശരീരത്തിന്റെ പ്രതിരോധശക്തിയെ വര്‍ദ്ധിപ്പിക്കുന്നു. പകര്‍ച്ച വ്യാധികളെപ്പോലും തടയുന്നതിന് ശരീരം പ്രാപ്തി നേടുന്നു.
- വ്യായാമം ശരീരത്തെ പരിപോഷിപ്പിക്കുന്നു. ഹൃദ്രോഗം, പ്രഷര്‍ , ഡയബറ്റിസ്, വാതം എന്നീ രോഗങ്ങളെ കുറയ്ക്കുകയോ അകറ്റിനിര്‍ത്തുകയോ ചെയ്യുന്നു.
- വ്യായാമത്തിലൂടെ കാഴ്ചശക്തി നിലനിര്‍ത്താമെന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. കണ്ണുകള്‍ക്കുള്ള പ്രത്യേക വ്യായാമങ്ങളിലൂടെ വെള്ളെഴുത്തിനെ അകറ്റിനിര്‍ത്താം. പ്രഷര്‍ കൂടുമ്പോള്‍ കാഴ്ചയ്ക്ക് പ്രശ്‌നങ്ങളുണ്ടാകും. വ്യായാമം പ്രഷറിനെ കുറയ്ക്കുന്നുണ്ടല്ലോ.
- നടുവേദനയ്ക്ക് പറ്റിയ ഏറ്റവും നല്ല മരുന്ന് വ്യായാമമാണ്. നട്ടെല്ലിന് പറ്റിയ വ്യായാമങ്ങള്‍ ഉണ്ട്. ധാരാളം നടക്കുകയും, ഭക്ഷണം കുറയ്ക്കുകയും ചെയ്താല്‍ നടുവേദന വരില്ല.
- മ്ലാനതയെ വിഷണ്ണതയെ ഒക്കെ അകറ്റാന്‍ വ്യായാമത്തിന് കഴിയും. വ്യായാമം ചെയ്തിട്ടാണ് ദിവസം തുടങ്ങുന്നതെങ്കില്‍ അന്നു മൊത്തം നിങ്ങള്‍ നല്ല മൂഡിലായിരിക്കാനുള്ള സാധ്യത കൂടും.
- രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ വ്യായാമം സഹായിക്കും.
- വ്യായാമം ദഹനത്തെ സഹായിക്കുന്നു, വിശപ്പുണ്ടാകുന്നു.
- വ്യായാമം നിങ്ങളുടെ യുവത്വം നിലനിര്‍ത്താന്‍ വളരെയേറെ സഹായപ്രദമാണ്.
ചെറുപ്പത്തിലേതന്നെ വ്യായാമം ചെയ്തു ശീലിക്കുന്നത് ഉത്തമമാണ്. നിങ്ങളറിയാതെതന്നെ അതൊരു ശീലമായിക്കൊള്ളുമല്ലോ? ഭാരക്കൂടുതല്‍ ഉണ്ടെങ്കില്‍ ആയാസം കുറഞ്ഞ വ്യായാമം ചെയ്തു തുടങ്ങണം. ദീര്‍ഘകാലം വ്യായാമം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് യുവത്വം തിരിച്ചുകിട്ടിയപോലെ അനുഭവപ്പെടും. നിങ്ങള്‍ക്കിഷ്ടമുള്ള വ്യായാമമാണ് തിരഞ്ഞെടുക്കേണ്ടത്. ഒരാളുടെ ഇഷ്ടമായിരിക്കില്ല മറ്റൊരാള്‍ക്ക്. ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങി വ്യായാമം ചെയ്യരുത്.
കടപ്പാട്: എന്നും ആരോഗ്യവാനായിരിക്കാന്‍













