പെണ്‍സന്ത്രാസത്തിന്റെ രചനകള്‍

pachakkarimbe

മരണത്തിന്റെ വരവുപോക്ക് നിത്യസംഭവമായ ഒരു ഗ്രാമം. അകാലത്തില്‍ മരണത്തിനു കീഴടങ്ങേണ്ടിവന്ന നിരവധി ആത്മാക്കള്‍… ജീവിച്ച് മതിവരാതെ പരലോകത്തേക്ക് യാത്രയായവരെ ജീവിച്ചിരിക്കുന്നവര്‍ നടക്കുന്ന വഴികളിലൊക്കെ കണ്ടുമുട്ടാതിരിക്കുമോ?

സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ സി.എസ്.ചന്ദ്രിക എഴുതിയ മരണത്തിനിപ്പുറം എന്ന കഥയിലാണ് മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരുടെ മുന്നിലേക്ക് പുകമഞ്ഞ് പോലെ കടന്നുവരുന്നത്. ഇതടക്കം അവര്‍ രചിച്ച 11 കഥകളുടെ സമാഹാരമാണ് എന്റെ പച്ചക്കരിമ്പേ എന്ന കഥാസമാഹാരം.

സാധാരണ ജീവിത സന്ദര്‍ഭങ്ങളെ ഭാവഗീതാത്മകമായ ഉപരിതലവും രാഷ്ട്രീയബോധത്തിന്റെ ഉള്‍ത്തലവും കൊണ്ട് ജീവസുറ്റതാണ് എന്റെ പച്ചക്കരിമ്പേ എന്ന പുസ്തകത്തിലെ കഥകളെന്ന് സച്ചിദാനന്ദന്‍ അഭിപ്രായപ്പെടുന്നു. നൈസര്‍ഗ്ഗികമായ കാല്‍പനികതയെ ക്രൂരമായ സത്യബോധവും മുനകൂര്‍ത്ത ഹാസ്യവും കൊണ്ട് ഇടക്കിടക്ക് ഭേദിക്കുന്ന ഈ കഥകള്‍ക്ക് അനായാസമായ ഒരു ലാഘവമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഒരു പെണ്ണെഴുത്തുകാരിയും ഇന്നുവരെ ചെയ്തിട്ടില്ലാത്ത വിധം പെണ്ണുടലിനെക്കുറിച്ച് ഉപന്യസിക്കുന്ന കഥയാണ് ‘പാനപാത്രം’. ഗര്‍ഭപാത്രം ചുമക്കേണ്ടിവരുന്നു എന്ന കാരണത്താല്‍ ഉടല്‍പരമായും മാനസികവുമായി പെണ്ണ് അനുഭവിക്കേണ്ടിവരുന്ന സന്ത്രാസം പങ്കിടാന്‍ ശ്രമിക്കുകയാണ് പുരുഷന്‍ ചെയ്യേണ്ടതെന്ന് ഈ കഥ വിളിച്ചുപറയുന്നു.

book-insideസ്ത്രീയുടെ ലോകത്തെ സിംഹങ്ങളെ പരിചയപ്പെടുത്തുന്ന കഥയാണ് ‘സിംഹമൂത്രം’. അന്തിമവിശകലനത്തില്‍ നഷ്ടപ്രണയത്തിന്റെ കഥയാകുന്നതാണ് ‘ദേവഗാന്ധാരി’. പ്രണയത്തിന്റെ ഭാഷ പരിഷ്‌കരിക്കുന്ന രചനയാണ് ‘എന്റെ പച്ചക്കരിമ്പേ’.

എന്റെ പച്ചക്കരിമ്പേ എന്ന സമാഹാരത്തിലെ എല്ലാ കഥകളിലും പെണ്ണനുഭവങ്ങളും പെണ്‍കാഴ്ചകളുമുണ്ടെന്ന് എം.മുകുന്ദന്‍ അവതാരികയില്‍ പറയുന്നു. എങ്കിലും സമാഹാരത്തിലെ കഥകളെ പെണ്‍കഥകള്‍ എന്ന് വിളിക്കാന്‍ അദ്ദേഹം താല്‍പര്യപ്പെടുന്നില്ല. പകരം, പെണ്‍സന്ത്രാസത്തിന്റെ രചനകള്‍ എന്ന് വിളിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് അദ്ദേഹം പറയുന്നു.

കഥാകൃത്ത്, നോവലിസ്റ്റ്, സാമൂഹ്യശാസ്ത്രജ്ഞ, ഫെമിനിസ്റ്റ്, ഗവേഷക എന്നീ നിലകളില്‍ ശ്രദ്ധേയയായ സി.എസ്.ചന്ദ്രികയുടെ കഥകള്‍ ഇംഗ്ലിഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. തോപ്പില്‍ രവി സാഹിത്യ പുരസ്‌കാരം ലഭിച്ച ക്ലെപ്‌ടോമാനിയ, ഭൂമിയുടെ പതാക, ലേഡീസ് കംപാര്‍ട്ട്‌മെന്റ് തുടങ്ങിയ കഥാസമാഹാരങ്ങളും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Categories: LITERATURE