DCBOOKS
Malayalam News Literature Website

‘എന്റെ ലോകം’ മാധവിക്കുട്ടിയുടെ അനുഭവാഖ്യാനം

അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തബ്ധരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത മാധവിക്കുട്ടിയുടെ ആത്മകഥാംശപ്രധാനമായ എന്റെ കഥയുടെ തുടര്‍ച്ചയാണ് എന്റെ ലോകം എന്ന ഈ കൃതി. എന്റെ കഥ എഴുതിയ ശേഷമുണ്ടായ സംഭവവികാസങ്ങളും സാമൂഹിക ഇടപെടലുകളും ഈ അനുഭവാഖ്യാനത്തില്‍ ഈ രചനയില്‍ കടന്നു വരുന്നു. പെണ്‍മനസ്സിന്റെ ഉള്ളറകളെ പുറത്തുവലിച്ചിടുന്ന മറ്റൊരു തുറന്നെഴുത്ത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ആത്മകഥാഭാഗം എന്റെ കഥ പോലെ തന്നെ വായനക്കാരെ ആകര്‍ഷിക്കുന്നതാണ്.

മാധവിക്കുട്ടിയുടെ എന്റെ ലോകമെന്ന കൃതിയില്‍ നിന്ന്

സ്‌നേഹമെന്ന മതം

“എന്റെ വീടും വീടിന്റെ മുറ തെറ്റാത്ത ദിനചര്യയും ഉപേക്ഷിച്ച് കന്യാകുമാരിയില്‍ ഞാന്‍ വന്നത് എന്റെ ചേതനയുടെ വ്രണങ്ങള്‍ ഇവിടത്തെ നിശ്ശബ്ദതക്ക് സുഖപ്പെടുത്താന്‍ കഴിയുമെന്ന ആശയത്തോടെയാണ്. നഗ്നവും അപാരവുമായ ഈ നിശ്ശബ്ദതക്കു മേല്‍ കടല്‍മാത്രം ഇടയ്ക്കിടയ്ക്ക് തന്റെ നിശ്വാസങ്ങളാകുന്ന നേര്‍ത്ത ഉത്തരീയങ്ങള്‍ ചാര്‍ത്തുന്നു.

ഇവിടെ പ്രകൃതി തികച്ചും അനാഡംബരയാണ്. പൂച്ചെടികള്‍ ഇവിടെ വളരുന്നില്ല. പക്ഷികള്‍ക്ക് വര്‍ണ്ണച്ചിറകുകളില്ല. പക്ഷേ, കടല്‍ക്കരയില്‍ക്കൂടി ധൃതിയില്‍ പൃഷ്ഠം കുലുക്കിക്കൊണ്ടു നടക്കുന്ന ചെട്ടിച്ചികള്‍ കടുംപച്ചയും കടുംചുവപ്പും ധരിക്കുന്നു. കടലിന്റെ കടുംനീലയെ അവരുടെ തൊലിയും പ്രതിഫലിപ്പിക്കുന്നു. മണ്‍പൊടി പുരണ്ട മുടിയുള്ള ഈ പെണ്‍കിടാങ്ങളുടെ പുഞ്ചിരിക്ക് വല്ലാത്ത വശ്യതയുണ്ട്. ഞാന്‍ ഇവരെ അനുകരിക്കുവാന്‍ വേണ്ടി നാഗര്‍കോവിലില്‍ ചെന്നു മൂന്ന് കടുംനിറ സാരികള്‍ വാങ്ങി. ചുവന്ന സാരിയുടുത്ത് തെല്ലൊന്നു വിയര്‍ത്തപ്പോള്‍ ശരീരത്തിലാകെ അതിന്റെ ചുവപ്പുചായം പകര്‍ന്നു. എന്നാലും ചുവപ്പ് ഞാനിഷ്ടപ്പെടുന്നു. ചുവപ്പുസാരി ധരിക്കുന്നത് ധൈര്യസൂചകമായ ഒരു പ്രവൃത്തിയായി ഞാന്‍ കരുതുന്നു. ഒരു മാസത്തേക്ക് ഞാന്‍ മറ്റൊരവതാരമായി ഇവിടെ ജീവിക്കട്ടെ. സാധാരണ ചുറ്റുപാടില്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ നിന്നും ഭക്ത്യാദരങ്ങളില്‍ നിന്നും ഞാന്‍ ഓടിപ്പോന്നതാണ്. മറ്റൊരാളാവാന്‍ കാംക്ഷിച്ച്, ഞാന്‍ ചുവന്ന വേഷം ധരിക്കുന്നു. കറുത്ത കണ്ണട ധരിക്കുന്നു. കഴുത്തില്‍ പളുങ്കുമണിമാലകള്‍ അണിയുന്നു. ചൂരല്‍ക്കസാലയില്‍ക്കിടന്ന് കടലിനെ നോക്കുമ്പോള്‍ എന്റെ നേര്‍ക്ക് കൗതുകത്തോടെ നോക്കുന്നവര്‍ക്ക് ഞാന്‍ അപരിചിതയാണ്. അതു മാത്രമല്ല, ഞാന്‍ ഇപ്പോള്‍ എനിക്കു തന്നെ ഒരപരിചിതയാണ്. കണ്ണാടിയുള്ള മുറിയില്‍ക്കൂടി കുളിമുറിക്ക് നടക്കുമ്പോഴൊക്കെ എന്റെ മുഖത്തിന്റെ പ്രതിഫലനം കണ്ട് ഞാന്‍ അറിയാതെ ഞെട്ടുന്നു.ശരാശരി ഏതു വര്‍ഷത്തിലാണ് ഞാന്‍ ഇത്തരം ഒരു മദ്ധ്യവയസ്‌കയായത്? എന്റെ യൗവനം മാത്രമേ എനിക്ക് സുപരിചിതമായിട്ടുള്ളൂ. യൗവനത്തിന്റെ ഐശ്വര്യചിഹ്നങ്ങളും. ഇന്നലെ ഇവിടെ വന്നെത്തിയ നടി ലളിത എന്നോടു പറഞ്ഞു, ചേച്ചിയെ കണ്ടിട്ട് ചേച്ചിയുടെ അനുജത്തിയാണെന്ന് തെറ്റിദ്ധരിച്ചു. ചേച്ചി പണ്ടത്തേക്കാള്‍ വളരെയധികം നന്നായിരിക്കുന്നു- ലളിത മിടുക്കിയാണ്, പ്രിയംവദയാണ്. പക്ഷെ, സ്വയം നിന്ദിക്കുവാന്‍ പഠിച്ചുപോയ എനിക്ക് അവളെ വിശ്വസിക്കാനുള്ള കഴിവില്ലാതായിരിക്കുന്നു. ശരാശരി ഏതു വയസ്സിലാണ് ഞാന്‍ ചാരുവചനങ്ങളെ വിലവെക്കാതായത്.? എനിക്ക് അറിഞ്ഞുകൂടാ. കാലം രാത്രിയില്‍ വന്നെത്തിയ കൊടുങ്കാറ്റെന്ന പോലെ എന്റെ ചുറ്റുപാടും അതിന്റെ താണ്ഡവനൃത്തം നടത്തി. എത്രയനവധി സമ്പാദ്യങ്ങള്‍ ഒഴുക്കുവെള്ളത്തില്‍ ഒലിച്ചുപോയി. ഒരിക്കല്‍ ഞാന്‍ മലര്‍ന്നുകിടന്ന് തങ്ങളെ നോക്കി പുഞ്ചിരിച്ചിരുന്ന ശിശുവായിരുന്നുവെന്ന് എന്റെ മാതാപിതാക്കള്‍ എന്നോ മറന്നു പോയി. ഔപചാരികമായി എഴുതുന്ന ചില സാധാരണ വൃത്താന്തങ്ങള്‍ എഴുതി നിറച്ച കത്തുകളും വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണയുണ്ടാകുന്ന ട്രങ്ക് കോളുകളും കൃത്രിമവും നേര്‍ത്തതുമായ ഒരു കണ്ണിയാല്‍ എന്നെ അവരോടു ബന്ധിച്ചു…”

Comments are closed.