DCBOOKS
Malayalam News Literature Website

‘എന്റെ ദിനങ്ങള്‍’; ആര്‍ കെ നാരായണന്റെ ആത്മകഥ

ഇന്തോ- ആംഗ്ലിയന്‍ എഴുത്തുകാരില്‍ പ്രമുഖനാണ് രാശിപുരം കൃഷ്ണസ്വാമി അയ്യര്‍ നാരായണസ്വാമി എന്ന ആര്‍.കെ. നാരായണ്‍. ‘സ്വാമി ആന്റ് ഫ്രണ്ട്‌സ്’ എന്ന തന്റെ ആദ്യനോവല്‍ മുതല്‍ ആര്‍.കെ. നാരായണന്റെ മിക്ക നോവലുകളും തനതായ വ്യക്തിത്വം നിലനിര്‍ത്തവേ തന്നെ പല ഇന്ത്യന്‍ സ്വഭാവ വിശേഷതകളും പ്രകടിപ്പിക്കുന്നു. പരക്കെ വായിക്കപ്പെട്ടിട്ടുള്ള കൃതികളുടെ കര്‍ത്താവായ ആര്‍.കെ. നാരായണന്റെ സംവേദനക്ഷമവും മനോഹരമായി ചിത്രീകരിച്ചതുമായ പല കഥകളുടെയും പശ്ചാത്തലം തെക്കേ ഇന്ത്യയിലെ സാങ്കല്പിക പട്ടണമായ മാല്‍ഗുഡി യാണ്. മാല്‍ഗുഡിയെയും അവിടുത്തെ ജനങ്ങളെയും മുന്‍നിര്‍ത്തി പതിന്നാല് നോവലുകളും നിരവധി ചെറുകഥകളുമാണ് അദ്ദേഹം രചിച്ചിട്ടുള്ളത്.

ആര്‍.കെ. നാരായണന്റെ ഇരട്ടുമുറി, വഴികാട്ടി, മാല്‍ഗുഡിയിലെ കടുവ, മാല്‍ഗുഡി ദിനങ്ങള്‍ തുടങ്ങിയ നോവലുകളും കഥകളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ‘MY DAYS’ എന്ന ആത്മകഥയുടെ മലയാള പരിഭാഷ എന്റെ ദിനങ്ങള്‍ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുകയാണ്.

മാല്‍ഗുഡിദിനങ്ങളിലൂടെ ലക്ഷക്കണക്കിന് വായനക്കാരെ രസിപ്പിച്ച ആര്‍.കെ. നാരായണന്റെ ജീവിതകഥയിലും തെളിയുന്നത് നഷ്ടപ്പെട്ട ഗ്രാമീണ ജീവിതത്തിന്റെയും മാനവികമൂല്യങ്ങളുടെയും പരിച്ഛേദമാണ്. അവസാനതാള്‍ വരെ ആസ്വദിച്ചു വായിക്കാന്‍ കഴിയുന്ന അനന്യമായ ഒരു ആത്മകഥയാണ് എന്റെ ദിനങ്ങള്‍.

അദ്ധ്യാപകനായ പി എസ് സുനില്‍കുമാറാണ് എന്റെ ദിനങ്ങള്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

 

Comments are closed.